കോട്ടയം: ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ അവ്യക്തവും ചെറുതുമാണെന്ന് കാണിച്ചു യുഡിഎഫ് സ്ഥാനാർഥികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണർ ടിക്കറാം മീണയ്ക്കു പരാതി.
ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രിൻസ് ലൂക്കോസ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരാണ് പരാതി നല്കിയിരിക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ബാലറ്റ് പേപ്പറിൽ മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തേക്കാൾ ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നതെന്ന പരാതി അദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.
തുടർന്ന് പരാതി ഇ-മെയിൽ ചെയ്തു നൽകി.ചിഹ്നത്തിലെ വലുപ്പവ്യത്യാസം വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർഥികൾക്കും ചിഹ്നത്തിന് ഒരേ വലുപ്പം നൽകി വീണ്ടും അച്ചടിക്കാൻ കോട്ടയത്തെ റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നു.
മറ്റു യുഡിഎഫ് സ്ഥാനാർഥികളുടെ ചിഹ്നമായ ട്രാക്്ടർ ഓടിക്കുന്ന കർഷകൻ വോട്ടിംഗ് മെഷീനിൽ വ്യക്തമല്ലെന്നാണ് ഇവർ ഉന്നയിച്ചിരിക്കുന്ന പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടിംഗ് മെഷീനുകൾ പരിശോധിച്ചശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുക. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉടൻ ഉണ്ടായേക്കും.
അതേസമയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനിലെ കാൻഡിഡേറ്റ് സെറ്റിംഗ് ഇന്നു പൂർത്തിയാകും.
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ അതേകേന്ദ്രങ്ങളിൽ വച്ചുതന്നെയാണു കേന്ദ്ര നിരീക്ഷകന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്.
ഇത്തരത്തിൽ ഇന്നലെ നടപടികൾ ക്രമങ്ങൾ നടത്തിയതോടെയാണ് പരാതി ഉയർന്നത്. അതത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാണു ഇതിന്റെ ചുമതല. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബർ ബാലറ്റ് യൂണിറ്റിൽ വച്ച് ആകെ സ്ഥാനാർഥികളുടെയും നോട്ടയുടെയും ഒഴികെയുള്ള ബട്ടണുകൾ മറച്ചശേഷം സീൽ ചെയ്യുകയാണ്.