കോട്ടയം: തരംഗങ്ങൾ മാറിമറയുന്നത് ഉറ്റു നോക്കി മൂന്നു മുന്നണികളും. പലകുറി രാഷ്ട്രീയ കാറ്റ് ആഞ്ഞുവീശിയപ്പോഴും ഉലയാതെ നിന്ന യുഡിഎഫ് കോട്ടയാണു കോട്ടയം. സമീപ കാലങ്ങളിലെ പുത്തൻ രാഷ്ട്രീയ സമവാക്യങ്ങൾ കോട്ടയിളക്കുമോ എന്ന നിരീഷിക്കുകയാണ് വോട്ടർമാരും നേതാക്കളും.
കേരള കോണ്ഗ്രസ് എമ്മിന്റ ഇടതുമാറ്റത്തിൽ ഇടതിന്റെ നേട്ടവും വലതിന്റെ കോട്ടവും എത്രയെന്നതു വിലയിരുത്താൻ മെയ് രണ്ടിന് വോട്ടെണ്ണൽ വരെ കാത്തിരിക്കണം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്നലെ ജില്ലയിലെ തെരഞ്ഞെടുപ്പിൽ കണ്ടത്.
അവസാന റൗണ്ടിൽ ഓടിക്കയറി യുഡിഎഫ്
മുന്നണികളും സ്ഥാനാർഥികളും ചേരി മാറി മത്സരിച്ച തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളിലും വോട്ടുകളുടെ വ്യതിയാനം ഏതുതരത്തിൽ എന്നതാണു കണ്ടറിയേണ്ടത്. സ്ഥാനാർഥി നിർണയ തർക്കത്തിൽ ഏറെ അനിശ്ചിതത്വവും അനൈക്യവും ഉടലെടുത്ത യുഡിഎഫ് അവസാന റൗണ്ടിൽ, പ്രത്യേകിച്ചും രാഹൂൽ ഗാന്ധി ഉണർത്തിയ റോഡ് ഷോ ആവേശത്തിലാണു വേഗമെടുത്തത്. കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ ഒഴികെ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി നിർണയം തർക്കത്തിലും പ്രതിഷേധത്തിലുമൊക്കെയായിരുന്നു.
രണ്ടിലയുടെ തണ്ടിലേറി എൽഡിഎഫ്
രണ്ടിലയുടെ തണ്ടിലേറി അദ്ഭുതം സൃഷ്ടിക്കുമെന്നാണ് എൽഡിഎഫ് ഉറപ്പിക്കുന്നത്. കോട്ടയത്തു കൂടുതൽ അക്കൗണ്ടുകൾ തുറക്കാമെന്ന ആത്മവിശ്വാസം ഇടതു നേതാക്കൾക്കുണ്ട്. കേരള കോണ്ഗ്രസ് എമ്മിന്റെ ചുവടുമാറ്റത്തിൽ ഒഴുകിയെത്തുന്ന വോട്ടുകളിലാണ് എൽഡിഎഫിന്റെ ഉറപ്പ്.
കാഞ്ഞിരപ്പള്ളി ലക്ഷ്യംവച്ച് എൻഡിഎ
കാഞ്ഞിരപ്പള്ളി മണ്ഡലം ലക്ഷ്യം വെക്കുന്ന എൻഡിഎയ്ക്കു മറ്റിടങ്ങളിൽ വീഴുന്നതെല്ലാം ബോണസായി കാണുന്നു. ജില്ലയിലെ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രകടമായത്. ഇതിൽതന്നെ ചതുഷ്കോണ മത്സരത്തിൽ ശ്രദ്ധനേടുന്ന പൂഞ്ഞാറിലെ വോട്ട് ധ്രൂവീകരണം ഫലം വരുന്പോൾ മാത്രമേ വ്യക്തമാകൂ.
പുതുപ്പള്ളിയും കോട്ടയവും ഉറപ്പിച്ചു
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോട്ടയത്തും മാറ്റത്തിന്റെ അലയൊലി ഇല്ലെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. 2016ൽ ജെയ്ക് സി. തോമസിനെതിരെ ഉമ്മൻ ചാണ്ടിക്ക് 27,092 വോട്ടുകളായിരുന്നു ഭൂരിപക്ഷം. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട് പഞ്ചായത്തിലെ വോട്ടു ചോർച്ച ഉമ്മൻ ചാണ്ടിയുടെ താരമൂല്യം കുറച്ചേക്കാം എന്നു കരുതുന്നവരുണ്ട്.
2016ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ 33,632 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജില്ലയിൽ ഒന്നാമതെത്തിയിരുന്നു. ഇത്തവണ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി അനിൽകുമാറിന്റെ പക്ഷം.
ചങ്ങനാശേരിയിൽ ഇത്തവണ കേരള കോണ്ഗ്രസുകൾ തമ്മിൽ നേരിട്ടു ബലപരീക്ഷണം എന്നതും പ്രസക്തം. വി.ജെ. ലാലിയും ജോബ് മൈക്കിളും തമ്മിലെ മത്സരത്തിൽ മുന്നണി മറന്നുള്ള പേഴ്സണൽവോട്ടുകൾ നിർണായകമാകും.
സാമുദായിക വോട്ടുംവിജയഘടകമായേക്കാം
കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജും ജോസഫ് വാഴയ്ക്കനും അൽഫോൻസ് കണ്ണന്താനവും തമ്മിലെ മത്സരത്തിൽ പാർട്ടിയും മുന്നണിയും പോലെ സാമുദായിക വോട്ട് ധ്രൂവീകരണവും വിജയഘടകമായേക്കാം.
ഏറ്റുമാനൂരിലെ മണ്ഡലഘടനയനുസരിച്ച് യുഡിഎഫിനും എൽഡിഎഫിനും വിവിധ പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യമുണ്ട്. ബിഡിജഐസിനെ ഒഴിവാക്കി ബിജെപി മണ്ഡലം ഏറ്റെടുത്തതും ലതിക സുഭാഷ് സ്വതന്ത്രയായി വന്നതും മത്സരം കടുപ്പിച്ചു.
പാലായിൽ ഒഴുക്ക് എങ്ങോട്ട്?
പാലായിൽ പൊരിഞ്ഞ പോരാട്ടത്തിനു പിന്നാലെ അടിയൊഴുക്ക് എന്ന സംസാരം കൂടി ഉയരുന്പോൾ ഒഴുക്ക് എവിടെ നിന്ന് എങ്ങോട്ട് എന്നതാണ് അറിയാനുള്ളത്. ജോസ് കെ. മാണിയും മാണി സി. കാപ്പനും പാലായിൽ ഒരുപോലെ കരുത്തരും വ്യക്തിബന്ധങ്ങളുള്ളവരുമാണ്.
മുന്നണി മാറ്റം സംഭവിച്ചപ്പോഴും ഇരുവർക്കും വ്യക്തിബന്ധങ്ങളുണ്ട്. നഗരസഭയിലെ അടിയും അടിയൊഴുക്കും പാലാ വിധിയെ സ്വാധീനിച്ചിട്ടുണ്ടോ എന്നതാണ് അറിയാനുള്ളത്. എൻഡിഎ സ്ഥാനാർഥി ജെ. പ്രമീളാ ദേവി എത്ര വോട്ടുകൾ നേടുമെന്നതും നിർണായകം.
പൂഞ്ഞാറിൽ പി.സി. ജോർജ് അക്കൗണ്ട് നിലനിറുത്തിയാൽ അതു സംഭവമാകും. ഇടതിന്റെ പിന്തുണയിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും രാഹുൽ ഗാന്ധിയുടെ വരവോടെ ചടുലമായ ടോമി കല്ലാനിയും വീറുറ്റ പ്രചാരണം നടത്തി. എൻഡിഎ വോട്ടുകളിലുണ്ടാകാവുന്ന ധ്രൂവീകരണം എത്രത്തോളം എന്നതും മുപ്പത്തയ്യായിരത്തിനു മുകളിലുള്ള മുസ്ലിം വോട്ടുകൾ ആർക്ക് കൂടുതലായി ലഭിച്ചു എന്നതുമൊക്കെ പൂഞ്ഞാറിന് നിർണായകം.
കടുത്തുരുത്തിയിൽ ഇരുമുന്നണികളും കടുത്ത മത്സരം കാഴ്ചവച്ചു. മോൻസ് ജോസഫിനും സ്റ്റീഫൻ ജോർജിനും അവകാശപ്പെടാൻ പല ഘടകങ്ങൾ പലതുണ്ട്. കേരള കോണ്ഗ്രസുകൾ തമ്മിലെ മത്സരം എന്നതിനേക്കാൾ മോൻസും സ്റ്റീഫനും തമ്മിലെ മത്സരം എന്നതാണ് ചിത്രം. കേരള കോണ്ഗ്രസിനു ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലുമാണ് കടുത്തുരുത്തി.