കടുത്തുരുത്തി: വോട്ടുകള്‍ പെട്ടിയിലായെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ വോട്ടിംഗ് തലനാരിഴ കീറി പരിശോധിച്ചു മുന്നണികളും സ്ഥാനാര്‍ഥികളും. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കാര്യമായ വ്യത്യാസം വരാത്തതാണ് മുന്നണികളും സ്ഥാനാര്‍ഥികളും പ്രധാനമായും വിലയിരുത്തുന്നത്.
2016-ലെ തെരഞ്ഞെടുപ്പില്‍ 69.59 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയത് 68.05 ശതമാനം. 1,27,749 വോട്ടര്‍മാരാണ് ഇത്തവണ ബൂത്തുകളിലെത്തി വോട്ട് രേഖപെടുത്തിയത്.
തപാല്‍ വോട്ടും 80 കഴിഞ്ഞവരുടെ വീടുകളിലെത്തി ചെയ്ത 4000 ത്തോളം വരുന്ന വോട്ടുകളും കൂടി ചേരുമ്പോള്‍ പോളിങ് ശതമാനം 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പോളിംഗ് തങ്ങളെ എങ്ങനെ ബാധിച്ചു എന്ന വിലയിരുത്തലാണ് ഇനിയുള്ള രണ്ടു ദിവസങ്ങളിലായി നടത്തുകയെന്ന് മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പറഞ്ഞു.
എല്ലാവരും പ്രതീക്ഷയിൽ
നിലവിലെ എംഎല്‍എയായിരുന്ന മോന്‍സ് ജോസഫ് തന്നെ വിജയിക്കുമെന്ന് യുഡിഎഫ് തറപ്പിച്ചു പറയുന്നു. എന്നാല്‍ അട്ടിമറി വിജയം നേടി സ്റ്റീഫന്‍ ജോര്‍ജിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടികാട്ടുന്നത്.
എന്‍ഡിഎയുടെ വോട്ട് വിഹിതം ഉയര്‍ത്തി എ ക്ലാസ് മണ്ഡലമായി കടുത്തുരുത്തിയെ മാറ്റാന്‍ ലിജിന്‍ ലാലിന് കഴിഞ്ഞതായും വിജയ പ്രതീക്ഷയുണ്ടെന്നും എന്‍ഡിഎ നേതാക്കള്‍ പറയുന്നു.
യുഡിഎഫ് ഘടകഘക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തേക്കു മാറിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇരുമുന്നണികളും തികഞ്ഞ വീറും വാശിയോടെയുമാണ് സമീപിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായ നിലവിലെ എംഎല്‍എ മോന്‍സ് ജോസഫും ഇടതുമുന്നണി സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജി.ലിജിന്‍ലാലും മത്സരരംഗത്തേക്കു വന്നതോടെ ശക്തമായ പ്രചാരണം അരങ്ങേറിയ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്.
അവകാശവാദങ്ങൾ
മോന്‍സ് ജോസഫ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് സുനു ജോര്‍ജ് പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ വിജയം സുനിശ്ചിതമാണ്. യുഡിഎഫിന് കിട്ടേണ്ട മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്തിട്ടുണ്ട്.
ഇടയ്ക്കു പെയ്ത മഴയെ പോലും അവഗണിച്ചു പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മികച്ച പോളിംഗ് ഉണ്ടായത്. മാഞ്ഞൂര്‍, കുറവിലങ്ങാട്, കാണക്കാരി, കടപ്ലാമറ്റം, കിടങ്ങൂര്‍, മുളക്കുളം പഞ്ചായത്തുകളില്‍ മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് കഴിഞ്ഞു.
10,000 മുതല്‍ 15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മോന്‍സ് ജോസഫ് വിജയിക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് പറയുന്നു.ഇതേസമയം സ്റ്റീഫന്‍ ജോര്‍ജ് തിളക്കമാര്‍ന്ന വിജയം നേടുമെന്നാണ് സിപിഎം നേതാവ് കെ.ജി. രമേശന് പറയുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ് തിളക്കമാര്‍ന്ന വിജയം കൈവരിക്കും. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫിന്റെയും ബിജെപിയുടെയും പല ബൂത്തുകളും നിര്‍ജീവമായിരുന്നു. ബിജെപി യുഡിഎഫിന് വോട്ട് ചെയ്താല്‍ പോലും മോന്‍സ് ജോസഫ് വിജയിക്കുക പ്രയാസമാണ്.
പല ബൂത്തുകളിലും 15 ശതമാനം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാതെ മാറി നിന്നിട്ടുണ്ട്. 14,000 നും 22,000 നും ഇടയില്‍ മികച്ച ഭൂരിപക്ഷത്തില്‍ സ്റ്റീഫന്‍ ജോര്‍ജ് വിജയിക്കുമെന്നാണ് സിപിഎം ഏരിയാ സെക്രട്ടറി കെ.ജി. രമേശന്റെ അവകാശവാദം.
എ ക്ലാസ് മണ്ഡലമാകുമെന്ന്
വിജയപ്രതീക്ഷയില്ലെങ്കിലും എന്‍ഡിഎ വോട്ട് വിഹിതം ഉയര്‍ത്തുമെന്നാണ് ബിജെപി നേതാവ് പി.ഡി. വേണുക്കുട്ടന്‍ പറയുന്നത്. ഇരുമുന്നണികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ലാലിന് കഴിഞ്ഞു. രണ്ട് മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെയും മണ്ഡലത്തില്‍ ജനവികാരം ശക്തമായിരുന്നു.
30,000 വോട്ടുകള്‍ നേടി ബിജെപിയുടെ ലിസ്റ്റില്‍ എ ക്ലാസ് മണ്ഡലമാക്കി കടുത്തുരുത്തിയെ മാറ്റാന്‍ കഴിയും. വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തവണ എന്‍ഡിഎയ്ക്കു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. എന്‍ഡിഎയുടെ വോട്ടുകള്‍ മുഴുവന്‍ ജി.ലിജിന്‍ലാലിന് ലഭിച്ചിട്ടുണ്ട്.
എന്‍ഡിഎയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം മികച്ച പോളിംഗാണ് നടന്നതെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റു കൂടിയായ പി.ഡി. വേണുകുട്ടന് പറയുന്നു.