കോട്ടയം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ എൽഡിഎഫിൽ ഘടകക്ഷിയായി മുന്നണി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതോടെ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ജില്ലയിലെ സീറ്റുവിഭജന ചർച്ചകൾക്കും തുടക്കമാകുന്നു.
തിങ്കളാഴ്ച് എൽഡിഎഫ് ജില്ലാ നേതൃയോഗം ചേരും. കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവിൽ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റുകൾ അവർക്കു തന്നെ നൽകിയേക്കും.
സിപിഎമ്മിനും എൽഡിഎഫിനും ബാലികേറാമലയായ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും നഗരസഭ വാർഡുകളിലും ജോസ് വിഭാഗത്തിനു കൂടുതൽ സീറ്റുകൾ നൽകിയേക്കും. എന്നാൽ സിപിഐ നേതൃത്വം തങ്ങൾ മത്സരിച്ച സീറ്റുകൾ വിട്ടു നൽകില്ലെന്ന നിലപാടിലാണ്.
എൻസിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദൾ പാർട്ടികൾ പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ കുടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ്. പുതിയ പാർട്ടി കൂടി എത്തിയതോടെ മറ്റു ഘടകക്ഷികളുടെ ആവശ്യത്തിനു സിപിഎം വഴങ്ങാൻ സാധ്യത കുറവാണ്.
ജോസ് വിഭാഗത്തിന്റെ വരവോടെ ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്കിലും ആറു നഗരസഭകളിലും അന്‍പതോളം പഞ്ചായത്തുകളിലും ഭരണം പിടിക്കാമെന്നാണ് സിപിഎമ്മും എൽഡിഎഫും കരുതുന്നത്.
പാലായിൽ യുഡിഎഫിന്റെ ചുക്കാൻ പിടിക്കാൻ കല്ലാനിയും വാഴയ്ക്കനും
കോട്ടയം: ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ജില്ലയിലെ യുഡിഎഫ് സംവിധാനം കൂടതൽ ശക്തിപ്പെടുത്താൻ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തയാറെടുപ്പുകൾ തുടങ്ങി. പ്രമുഖ നേതാക്കൾക്ക് മണ്ഡലങ്ങളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെയും ചുമതല നൽകി കഴിഞ്ഞു.
ജോസ് കെ.മാണിയുടെ തട്ടകമായ പാലാ മണ്ഡലത്തിന്റെ ചുമതല കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനും ജനറൽ സെക്രട്ടറി ടോമി കല്ലാനിക്കുമാണ് നൽകിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റികൾ നടന്നു വരുകയാണ്.
തോമസ് ചാഴികാടനും ഡോ. എൻ.ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിൽ നടത്തിയ ജനകീയ വിചാരണ സമരത്തിനു പാലായിൽ വേണ്ടത്ര ചലനമുണ്ടാക്കാനായില്ലെന്ന് ഡിസിസിയിൽ അഭിപ്രായമുയർന്നിരുന്നു.
ഇതേ തുടർന്നാണ് രണ്ടു നേതാക്കൾക്കും പാലാ നിയോജക മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ജോസ് വിഭാഗം എൽഡിഎഫിൽ പോയതോടെ അതൃപ്തരായ പ്രവർത്തകരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള പാക്കേജുമായാണ് ഇരു നേതാക്കളും മണ്ഡലത്തിൽ ക്യാന്പ് ചെയ്യുന്നത്.
ജോസ് വിഭാഗം മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്. പാലാ ബ്ലോക്കിൽ നിന്നുള്ള കെപിസിസി അംഗമെന്ന നിലയിൽ ടോമി കല്ലാനിയും ഭരണങ്ങാനം ബ്ലോക്കിൽ നിന്നുള്ള കെപിസിസി അംഗമെന്ന നിലയിൽ ജോസഫ് വാഴയ്ക്കനുമാണ്.
രണ്ടു ബ്ലോക്ക് കമ്മിറ്റികളാണ് പാലാ മണ്ഡലത്തിലുള്ളത്. ഇതാണ് ഇരുവർക്കും ചുമതല നൽകിയത്. പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവും കോണ്‍ഗ്രസിലെ തർക്കവും പരിഹരിക്കേണ്ട ചുമതലയും ഇവർക്കാണ്.