കോട്ടയം: പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്പോൾ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ. നിശബ്ദ പ്രചാരണ ദിവസമായ നാളെയും സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കാണും. ഇതിനൊപ്പം വോട്ടുകളുടെ അവസാനവട്ട കണ്ക്കെടുപ്പും നടത്തും.
പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങളും പ്രവർത്തകർ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാതൃകാ ബാലറ്റിന്റെയും സ്ലിപ്പുകളുടെയും വിതരണം പൂർത്തിയാക്കി വരികയാണ്.
ഓരോ വോട്ടുകളും നിർണായകമാണെന്ന കണക്കുകൂട്ടലിൽ വിശ്രമമില്ലാതെ സ്ഥാനാർഥികൾ ഓട്ടത്തിലാണ്. നേരിട്ടുള്ള അഭ്യർഥനയ്ക്കു പുറമേ സോഷ്യൽ മീഡിയയിലൂടെയുള്ള വോട്ട് അഭ്യർഥനകളും തുടരുന്നുണ്ട്. അവസാനനിമിഷം പോരായ്മകൾ നികത്തി ജയമുറപ്പിക്കാനാണ് നേതാക്കൾ പരിശ്രമിക്കുന്നത്.
കോവിഡ് കാലത്ത്് എല്ലാ വീടുകളിലും വോട്ടർമാർ കാണുമെന്നുള്ള വിശ്വാസത്തിൽ പരമാവധി വീടുകൾ കയറി ഇറങ്ങാൻ സ്ഥാനാർഥികൾ ശ്രമിച്ചിട്ടുണ്ട്. വീടുകളിൽ ഒന്നിനു പിറകെ ഒന്നായി പല മുന്നണികളുടെയും സ്ഥാനാർഥികളും പ്രവർത്തകരും എത്തി.
കോവിഡും മഴയും ഇടവിട്ടു നിൽക്കുന്നതിനാൽ പോളിംഗ് നിരക്കിൽ നേരിയ കുറവുണ്ടാകുമെന്ന് ആശങ്കയുമുണ്ട്. ശരാശരി 1000-1300 വോട്ടുകളാണ് ഓരോ പഞ്ചായത്ത് വാർഡുകളിലുമുള്ളത്.
കോവിഡ് ബാധിതരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെയും പോസ്റ്റൽ ബാലറ്റുകൾ ഉറപ്പാക്കാനുള്ള ശ്രമവും സ്ഥാനാർഥികൾ നടത്തുന്നുണ്ട്.
ഇന്ന് കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ടും റോഡ് ഷോയും ഇല്ലാതെയും ആവേശം ചോരാതെ അണികളെ പിടിച്ചുനിർത്താനുമുള്ള ശ്രമങ്ങളാണ് സ്ഥാനാർഥികളും പാർട്ടികളും നടത്തുന്നത്.
പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ടിനു പകരം ചെറിയ ജംഗ്ഷനുകളിൽ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രചാരണ സമാപനം നടത്താനുള്ള ശ്രമങ്ങളാണു നടത്തുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന്്് രാത്രി പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പുകമ്മിറ്റികൾ ചേരുന്നുണ്ട്.