കോട്ടയം: കോണ്‍ഗ്രസിന്റെ മേഴ്സി രവിക്കും വൈക്കം എംഎൽഎ സി. കെ.ആശയ്ക്കും ശേഷം ഒരു വനിത എംഎൽഎ കൂടി ജില്ലയിൽ നിന്നും എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറ്റു ജില്ലകളിൽ പാർട്ടികളും മുന്നണികളും വനിതകൾക്ക് പ്രാതിനിധ്യം നൽകുന്പോൾ ജില്ലയിലെ പാർട്ടികളും മുന്നണികളും വനിതാ പ്രാതിനിധ്യം നൽകുന്നതിൽ പിറകിലാണ്.
ഇത്തവണ യുഡിഎഫിൽ കോണ്‍ഗ്രസിൽ നിന്നും രണ്ടു സീറ്റിൽ വനിതകളുടെ പേരുകൾ പറഞ്ഞു കേൾക്കുന്നു.
സോനയും ലതികയും
വൈക്കം മണ്ഡലത്തിൽ കെപിസിസി സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണുമായ ഡോ. പി.ആർ.സോനയാണ് സ്ഥാനാർഥി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന വനിത. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെ പേര് ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്.
ഏറ്റുമാനൂരിൽ നിന്നും ജില്ലാ കൗണ്‍സിലിലേക്കും മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുമാരനല്ലൂരിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ച ലതിക തന്റെ ജൻമദേശമായ ഏറ്റുമാനൂർ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
മാണി ഗ്രൂപ്പ് മുന്നണി വിട്ടതോടെ ഏറ്റുമാനൂരിനു വേണ്ടി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. മഹിളാ കോണ്‍ഗ്രസിനു 20 ശതമാനം സീറ്റുകൾ വേണമെന്നും ലതിക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി ലതികാ സുഭാഷ് സ്ത്രീസന്ദേശ യാത്ര കാസർകോഡു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിവരുകായണ്. 2010ൽ മലന്പുഴയിൽ ലതികയ്ക്കു സീറ്റു നൽകിയിരുന്നു. വി.എസ്.അച്യുതാനന്ദനോട് മത്സരിച്ചു പരാജയപ്പെട്ട ലതികയ്ക്ക് ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച മണ്ഡലം അതും കോട്ടയം ജില്ലയിൽ തന്നെ നൽകാനുള്ള തയാറെടുപ്പിലാണ്.
ആശ വീണ്ടും
വൈക്കം മണ്ഡലത്തിലെ നിലവിലെ എംഎൽഎ സിപിഐയുടെ സി. കെ.ആശയ്ക്ക് ഒരു തവണ കൂടി മത്സരിക്കാൻ സിപിഐ നേതൃത്വം അനുമതി നൽകും. കഴിഞ്ഞ തവണ സിപിഐ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനാണ് സിറ്റിംഗ് എംഎൽഎയായിരുന്ന കെ.അജിത്തിനെ മാറ്റി എഐവൈഎഫ് നേതാവായിരുന്ന സി.കെ.ആശയ്ക്ക് സീറ്റു നൽകിയത്.
ഇതു പാർട്ടിക്കുള്ളിൽ വലിയ എതിർപ്പ് ഉണ്ടാക്കിയെങ്കിലും മുതിർന്ന നേതാക്കൾ ഇടപ്പെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഇത്തവണ ഒരു ടേം പൂർത്തിയായവർക്ക് നൽകാനാണ് സിപിഐയിൽ ധാരണ. 2005ൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് വൈക്കം വിശ്വനെ പരാജയപ്പെടുത്തിയാണ് മേഴ്സിരവി എംഎൽഎയാകുന്നത്.
സിപിഎം കോട്ടകളിൽ കടന്നു കയറി 11,841 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേഴ്സി രവി വിജയിച്ചത്. അസുഖബാധിതയായ മേഴ്സി രവിക്ക് തുടർന്നു മത്സരിക്കാൻ സാധിച്ചില്ല. പുതുപ്പളളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു ജോയിയും പുരോഗമന കലാസാഹിത്യ സംഘം നേതാവായ ഡോ.സുജ സൂസൻ ജോർജും മത്സരിച്ചതാണ് സിപിഎം നൽകിയ വനിതാ പ്രാതിനിധ്യം.
കഴിഞ്ഞ തവണ കടുത്തുരുത്തി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി ഡോ. സിന്ധുമേൾ ജേക്കബിനെ പരിഗണിച്ചെങ്കിലും അവസാന നിമിഷം കേരള കോണ്‍ഗ്രസ് സക്റിയ തോമസ് വിഭാഗത്തിനു സീറ്റു നൽകുകയായിരുന്നു.
മഹിളാ അസോസിയേഷൻ നേതാവും ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്സണുമായിരുന്ന കൃഷ്ണകുമാരി രാജശേഖരന്റെ പേരും ചങ്ങനാശേരിയിൽ നിന്നുള്ള സിപിഎം സ്ഥാനാർഥി പട്ടികയിൽ മുന്‍പ് ഇടം നേടിയിരുന്നു.