കോട്ടയം: പാലായ്ക്കു പിന്നാലെ കടുത്തുരുത്തിയിലും യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാലായിൽ മാണി സി. കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്ഥാനാർഥികളാകുമെന്ന് ഐശ്യര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും വീണ്ടും ജനവിധി തേടും. ഇതിനുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വൈക്കത്ത് എൽഡിഎഫിൽ സി.കെ. ആശ വീണ്ടും മത്സരിക്കും.
പാലായിൽ നിലനിൽപ്പിനുള്ള പോരാട്ടം
1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം ഏറെക്കുറെ വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും.
അര നൂറ്റാണ്ടിലേറെ തോൽക്കാതെ ജയിച്ച കെ.എം. മാണിക്കുശേഷം 2019ൽ എൽഡിഎഫിലൂടെ മാണി സി. കാപ്പൻ പാലാ പിടിച്ചു. അടുത്ത പോരാട്ടം ഇതേ കാപ്പനും മാണിയുടെ മകനും തമ്മിലാകുന്പോൾ സംഭവിക്കുന്നത് രാഷ്ട്രീയ നിലനിൽപ്പിനുള്ള പോരാട്ടംതന്നെ.
മാണിക്കൊപ്പം നിന്ന പാലാ
1965ൽ പാലാ മണ്ഡലത്തിന്റെ തുടക്കം മുതൽ ഇടയ്ക്കു മുന്നണി ബന്ധങ്ങൾ മാറിയെങ്കിലും വിജയം മാണിയോടൊപ്പമായിരുന്നു. 1967ലും 1970ലും കേരള കോണ്‍ഗ്രസ് പാലായിൽ തനിച്ചാണു മത്സരിച്ച് വിജയിച്ചത്. 1965 ഇടതുമുന്നണിയിലെ വി.ടി. തോമസും കോണ്‍ഗ്രസിലെ മിസിസ് ആർ.വി. തോമസുമായിരുന്നു എതിരാളികൾ. 9885 വോട്ടിന്റെ ഭൂരിപക്ഷം മാണിക്ക് ലഭിച്ചു.
1967ൽ വി.ടി. തോമസും കോണ്‍ഗ്രസിലെ എം.എം. ജേക്കബും എതിരാളികളായപ്പോൾ മാണിയുടെ ഭൂരിപക്ഷം 2711 ആയി കുറഞ്ഞു. 1970ൽ കോണ്‍ഗ്രസിലെ എം.എം. ജേക്കബും ഇടതുമുന്നണിയിലെ സി.പി. ഉലഹന്നാനും എതിരാളികളായി. എം.എം. ജേക്കബിനെ 364 വോട്ടിന് കെ.എം. മാണി പരാജയപ്പെടുത്തി.
1977ൽ കെ.എം. മാണി എൻ.സി. ജോസഫിനെ 14,859 വോട്ടിനാണു തോൽപ്പിച്ചത്. 1980ൽ മാണി ഇടതുപക്ഷത്തായപ്പോൾ കോണ്‍ഗ്രസിലെ എം.എം. ജേക്കബ് എതിർത്തു. മാണി 4566 വോട്ടുകൾക്ക് വിജയിച്ചു.
1982ൽ കേരള കോണ്‍ഗ്രസ് യുഡിഎഫിലായപ്പോൾ ജെ.എ. ചാക്കോയെ 12,619 വോട്ടിനും 87ൽ കെ.എസ്. സെബാസ്റ്റ്യനെ 10,515 വോട്ടിനും 91ൽ ജോർജ് സി. കാപ്പനെ 17,299 വോട്ടിനും 96ൽ സി.കെ. ജീവനെ 23,780 വോട്ടിനും 2001ൽ ഉഴവൂർ വിജയനെ 22,301 വോട്ടിനും മാണി തോൽപ്പിച്ചു. 2006ലും 2011ലും മാണി സി. കാപ്പനായിരുന്നു എതിരാളി. 2006ൽ 7753 ആയിരുന്നു ഭരിപക്ഷം. 2011ൽ 5259 ആയി കുറഞ്ഞു. കെ.എം. മാണി അവസാനം മത്സരിച്ച 2016ൽ ഭൂരിപക്ഷം 4703ലേക്കു താഴ്ന്നു.
പാലായിൽ വിജയമറിഞ്ഞ് കാപ്പൻ
കെ.എം. മാണിയുടെ മരണശേഷം നടന്ന 2019ലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് ടോമിനെ 2943 വോട്ടിന് മാണി സി. കാപ്പൻ തോൽപ്പിച്ചു. 2019 ഉപതെരഞ്ഞെടുപ്പിൽ പാലാ രേഖപ്പെടുത്തിയത് 71.43 ശതമാനം വോട്ടുകളായിരുന്നു. അതായത് കഴിഞ്ഞ 10 തെരഞ്ഞെടുപ്പുകളിലെ നാലാമത്തെ കുറഞ്ഞ പോളിംഗ് ശതമാനം.
മുത്തോലി, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം പഞ്ചായത്തുകൾ യുഡിഎഫിനെയും പാലാ നഗരസഭയും ഭരണങ്ങാനം, രാമപുരം, മേലുകാവ്, മൂന്നിലവ്, കരൂർ, തലപ്പലം, തലനാട്, കടനാട് പഞ്ചായത്തുകൾ എൽഡിഎഫിനെയും തുണച്ചു.പാലാ നഗരസഭ കൂടാതെ, ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകൾ ചേർന്നതാണു മണ്ഡലം.
1965നു മുൻപ് അകലക്കുന്നം മണ്ഡലത്തിനൊപ്പമായിരുന്നു പാലാ നഗരം ഉൾപ്പടെയുള്ള പ്രദേശം. 2011ലെ മണ്ഡല പുനർവിഭജനത്തിനുശേഷം പാലായുടെ ഭാഗമായിരുന്ന കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾ കടുത്തുരുത്തിയിലേക്കു ചേർത്തു. പൂഞ്ഞാറിനൊപ്പമായിരുന്ന തലപ്പലം, മൂന്നിലവ്, തലനാട്, മേലുകാവ്, കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എലിക്കുളവും പാലായുടെ ഭാഗമായി.