കോട്ടയം: കാഹളം മുഴങ്ങിക്കഴിഞ്ഞു. യുദ്ധ ഭൂമിയിൽ പോരാട്ടത്തിനായി ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളുമായി പോരാളികളും തയാർ. ഇനിയാണ് ആവേശം സൃഷ്ടിക്കുന്ന നാളുകൾ. വീണ്ടും ഒരു തെരഞ്ഞെടുപ്പ് യുദ്ധാന്തരീഷം സൃഷ്ടിക്കാനൊരുങ്ങുന്പോൾ ജില്ലയിൽ മൂന്നു പാർട്ടികളും സജ്ജമായിരിക്കുന്നു.
ചിലർ വെടിക്കോപ്പുകളും ആയുധങ്ങളും ശേഖരിക്കുന്പോൾ മറ്റു ചിലർ കളത്തിലിറങ്ങിക്കഴിഞ്ഞു.പുതിയ സൈന്യങ്ങളുമായി സഖ്യം ചേർന്ന് പ്രബല ശക്തിയായി മാറാനാണ് ഓരോ ചേരിയും ശ്രമിക്കുന്നത്. പുതിയ ചില യുവരാജാക്കന്മാർ വന്നപ്പോൾ തലമൂത്ത സൈനാധിപന്മാരെ ഒതുക്കി നിർത്തിയതിനും കോട്ടയം അംഗരാജ്യം സാക്ഷിയായി.
വരും നാളുകളിൽ വാർത്തകളും വിവാദങ്ങളും വാക്ധോരണികളും നിറം പിടിപ്പിച്ച കഥകളുമായി എത്തുന്ന യുദ്ധ ഭൂമികയിലേക്കാണ് ജനങ്ങളും ഉറ്റു നോക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സൈന്യം പൂർണമായും കളത്തിലിറങ്ങിയിട്ടില്ല.
ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ മത്സരത്തിനിറക്കേണ്ട സൈനാധിപ·ാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തർക്കങ്ങളും സന്ധിസംഭാഷങ്ങളും തുടരുകയാണ്. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം പ്രവർത്തക കണ്വൻഷൻ നാളെ രാവിലെ 9:30നു കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കും. യുഡിഎഫ് സംസ്ഥാന നേതാക്കൾ കണ്വെൻഷനിൽ പങ്കെടുക്കും.പാലായിലെ യുവരാജാവ് ജോസ് കെ. മാണിയുടെ കടന്നു വരവോടെ പ്രബല ശക്തിയായി മാറിയെന്ന കണക്കു കൂട്ടലിലാണ് എൽഡിഎഫ് സൈന്യം.
മുന്നിൽ നിന്നു നയിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനുമായി ചേർന്നു കോട്ടയം സാമ്രാജ്യം മുഴുവനായി നേടാമെന്നാണ് കണക്കുകൂട്ടൽ. 13 സീറ്റോടെ രാജകീയ വരവേൽപിൽ മനസു നിറഞ്ഞു നിൽക്കുന്ന കേരള കോണ്ഗ്രസ് എമ്മിനു ഇതു നിർണായക പോരാട്ടമാണ്.
മത്സര വേദിയിലേക്കു പടക്കോപ്പണിഞ്ഞെത്തിയ സൈനാധിപന്മാരുടെ നേതൃത്വത്തിൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് സൈന്യം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. യുവരാജാവിന്റെ കടന്നു വരവിൽ സിപിഎം ചേരിയെ ഒതുക്കി നിർത്തിയതിന്റെ പുകയും പൊടിപടലങ്ങളും യുദ്ധ ഭൂമിയിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്.
വൈക്കം നാട്ടുരാജ്യത്തിന്റെ അഭിമാന പോരാളിയായ സി.കെ. ആശയിലാണ് സിപിഐ സഖ്യത്തിന്റെ ബലം അംഗരാജ്യത്ത് ആകെ പ്രകടമാക്കാനുള്ളത്. വനിതാ പോരാളി പ്രചരണം ആരംഭിച്ചു കഴിഞ്ഞു.അംഗരാജ്യത്തെ എല്ലാ നാട്ടു രാജ്യങ്ങളിലും യുദ്ധസജ്ജമായി പോരാളികളുണ്ടെങ്കിലും കാഞ്ഞിരപ്പള്ളിയാണ് എൻഡിഎ സഖ്യത്തിന്റെ ലക്ഷ്യം.
നാട്ടുരാജ്യത്തെ അട്ടിമറി വിജയത്തിലൂടെ പിടിച്ചടക്കാൻ വലിയ തയാറെടുപ്പോടെയാണ് എൻഡിഎയുടെ കടന്നു വരവ്. എൻഡിഎ സ്ഥാനാർഥികളെ 13നു പ്രഖ്യാപിക്കും. 14ന് കണ്വൻഷൻ ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാനാണ് ബിജെപി തീരുമാനം.