കോട്ടയം: ജില്ലയിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ ആരൊക്കെയെന്നു വ്യക്തം. പ്രഖ്യാപനം വരാത്തതിനാൽ പ്രചാരണം തുടങ്ങാൻ വയ്യാത്ത സ്ഥിതിയാണ് സ്ഥാനാർഥികളും അണികളും.
ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന പുതുപ്പള്ളി, കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലാണു പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ പാർട്ടിയും മുന്നണിയും ആശങ്കയിലായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ ആര്?
പൂഞ്ഞാറിൽ ടോമി കല്ലാനിയും വൈക്കത്ത് പി.ആർ. സോനയും എന്നതിൽ തർക്കമില്ല. അവസാനനിമിഷം കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയിലേക്കു മാറ്റുന്നതും ആലോചനയുണ്ടായി. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ കെ.സി. ജോസഫോ ലതികാ സുഭാഷോ എന്നതിൽ അവ്യക്തതയുണ്ട്. പൂഞ്ഞാറിലും വൈക്കത്തും സ്ഥാനാർഥികൾ പ്രചാരണത്തിന് ഒരുങ്ങിക്കഴിഞ്ഞു.
തിരുവഞ്ചൂർ തുടങ്ങി
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണത്തിലാണ്. ഉമ്മൻ ചാണ്ടി ഡൽഹിയിലായതിനാൽ പുതുപ്പള്ളിയിലും പ്രവർത്തനം സജീവമായിട്ടില്ല. പാലായിൽ മാണി സി. കാപ്പൻ കുടുംബയോഗങ്ങൾ പൂർത്തിയാക്കി അടുത്തയാഴ്ച പര്യടനവും വാർഡ് കണ്‍വൻഷനുകളും തുടങ്ങും.
തർക്കം തുടരുന്നു
കേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് മാത്രമാണു തർക്കമില്ലാത്തത്. ചങ്ങനാശേരി, ഏറ്റുമാനൂർ സ്ഥാനാർഥി തർക്കം തുടരുന്നു.