കോട്ടയം: ആവേശമുയർത്തി ജില്ലയിലെ ഒന്പതു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കനത്ത ചൂടിനെയും ഉച്ചകഴിഞ്ഞുള്ള വേനൽ മഴയേയും വകവയ്ക്കാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ആഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ.
ആദ്യഘട്ടങ്ങളിൽ രാവിലെ ആരംഭിക്കുന്ന പ്രചാരണത്തിന് ഉച്ച സമയത്ത് സ്ഥാനാർഥികൾക്ക് അല്പം ഇടവേള നല്കിയിരുന്നു. എന്നാൽ ദേശീയ, സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ജില്ലയിൽ എത്തി ശക്തമായ പ്രചാരണം ആരംഭിച്ചതോടെ ഉച്ചയ്ക്കുള്ള ഇടവേള പോലും ഒഴിവാക്കിയാണ് സ്ഥാനാർഥികൾ സജീവമായിരിക്കുന്നത്.
സ്ഥാനാർഥികളുടെ പ്രചാരണം അവസാന ലാപ്പിലേക്ക് അടുത്തിരിക്കുകയാണ്. മണ്ഡലം ചുറ്റിയുള്ള സ്ഥാനാർഥികളുടെ വോട്ടഭ്യർഥന അവസാനിപ്പിച്ച് ഇനി ഓളം സൃഷ്ടിക്കുന്ന വാഹന പര്യടനമാണ്. അലങ്കരിച്ച തുറന്ന ജീപ്പിൽ ബൈക്കുകളുടെയും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയിൽ പ്രചാരണത്തിന് ഒന്നരയാഴ്ചയേ ബാക്കിയുള്ളൂ.
ആദ്യ റൗണ്ടിൽ ഒട്ടിച്ച പോസ്റ്ററുകൾ കീറി നശിച്ചയിടങ്ങളിൽ പുതുമയുള്ള ഫോട്ടോയോടെ വീണ്ടും പോസ്റ്റർ പതിക്കണം. സ്ഥാനാർഥികളുടെ പര്യടന കേന്ദ്രങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കണം. പ്രചാരണത്തിൽ സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ഏറ്റവും ചെലവേറിയ ദിവസങ്ങളാണ് വരിക.
പന്തൽ, വേദി, മൈക്ക്, വാദ്യം, വാഹനം എന്നിവയുടെ ചെലവിനു പുറമേ ഭക്ഷണവും വെള്ളവുമൊക്കെ ഭാരിച്ച ചെലവാകും. നോട്ടീസുകളും അഭ്യർഥനയും ഒരുവട്ടം കൂടി വിതരണം ചെയ്യേണ്ടിവരും. പഞ്ചായത്ത് തലത്തിൽ വരെ റോഡ് ഷോയും പ്രകടനവും സംഘടിപ്പിക്കുന്നുണ്ട്.
ദിവസം കുറഞ്ഞത് ഒരു പഞ്ചായത്തിൽ പര്യടനം മുന്നോട്ടുപോയാൽ മാത്രമേ ഏപ്രിൽ നാലിനു മുൻപ് പൂർത്തിയാക്കാനാകൂ. പെസഹാ വ്യാഴം, ദുഖവെള്ളി ദിവസങ്ങളിൽ പ്രാചാരണത്തിന് മുടക്കം വരും. ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള ഒരുക്കങ്ങളും ഉടൻ തുടങ്ങും.
1000 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകളിൽ ഓക്സിലിയറി ബൂത്തുകൾകൂടി വരുന്നതിനാൽ അധികം ബൂത്ത് ഏജന്റുമാരെ കണ്ടെത്തണം. സ്ലിപ്പുകൾ എഴുതി ഒരാഴ്ചയ്ക്കുള്ളിൽ വോട്ടർമാരെ നേരിൽ ഏൽപ്പിക്കണം. ഇതിനൊപ്പം അവസാന റൗണ്ട് ബൂത്ത് കണ്വൻഷനും കുടുംബയോഗങ്ങളും ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ.