കോട്ടയം: റബറില്‍ ജീവിതം ഉലയാന്‍ കാരണക്കാര്‍ ആര്, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുന്നതാര് തുടങ്ങി ചൂടേറിയ രാഷ്ട്രീയ ചര്‍ച്ച. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ ആരോപണങ്ങളും അവകാശങ്ങളുമായി നേതാക്കള്‍ അണിനിരന്നു. സിപിഎം സെക്രട്ടറി എ.വി. റസല്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ എന്നിവരാണ് സംവാദത്തിനെത്തിയത്.
നേതാക്കള്‍ നിലപാടുകള്‍ അവതരിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ആദ്യ ചോദ്യം സിപിഎം ജില്ലാ സെക്രട്ടറി റസലിനോടായിരുന്നു. റബര്‍ വിലയിടിവായിരുന്നു വിഷയം. പ്രകടന പത്രികയിലെ ഉറപ്പ് 250 രൂപ എന്തുകൊണ്ട് കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല, ക്ഷേമ പെന്ഷന് വിതരണം മുടങ്ങാന്‍ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍.
ആസിയാന്‍ കരാറാണ് വിലയിടിനു കാരണമെന്നും കോണ്‍ഗ്രസും ബിജെപിയുമാണ് ഉത്തരവാദിയെന്നും റസല്‍. വാഗ്ദാനം ചെയ്ത 250 രൂപ നല്‍കുമെന്നും ഭരണം ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.റസലിന്റെ വാദങ്ങളെ ആദ്യം ഖണ്ഡിച്ചത് നാട്ടകം സുരേഷായിരുന്നു.
കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും നല്‍കുന്നില്ലെന്നും കര്‍ഷക വിരുദ്ധരാണെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടാന്‍ പോകുകയാണെന്നും കുറ്റപ്പെടുത്തി. റബര്‍ ബോര്‍ഡ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സംസ്ഥാനം ആ സഹായങ്ങള്‍ നല്കുന്നില്ലെന്നുമാണ് ലിജിന്‍ലാല്‍ അഭിപ്രായപ്പെട്ടത്.
ലിജിന്റെ റബര്‍ ബോര്‍ഡ് അവകാശവാദങ്ങളെ റസലും നാട്ടകം സുരേഷും ഒന്നിച്ചാണ് നേരിട്ടത്. റബര്‍ ബോര്‍ഡ്തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബോര്‍ഡ് മാറ്റാനാണ് ശ്രമമെന്നും ഇരുവരും കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയായ ജയിച്ച തോമസ് ചാഴികാടന് കാലുമാറി എല്‍ഡിഎഫില്‍ പോയതാണെന്നും യുഡിഎഫ് വോട്ടു കൊണ്ടാണ് ചാഴികാടന് ജയിച്ചതെന്നും നാട്ടകം സുരേഷ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ വിജയിപ്പിച്ചുകൊള്ളാമെന്ന് റസലും തിരിച്ചടിച്ചു.
നിതീഷ് കുമാറിനെയും പി.സി. ജോര്‍ജിനെയും ഉദാഹരിച്ച് ലിജിന്‍ ലാലും ചോദ്യങ്ങളെ നേരിട്ടു. പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെക്കുറിച്ച് വിശദമായ രേഖകളുമായി സംസാരിച്ച ലിജിന്‍ ലാല്‍ പ്രധാനമന്ത്രിയുടെ പദ്ധതിയില്‍നിന്നു ഡിസിസി പ്രസിഡന്റിന്റെ അക്കൗണ്ടിലേക്ക് 30,000 രൂപ എത്തിയെന്നു പറഞ്ഞു. എന്നാല്‍ തന്റെ അക്കൗണ്ടില്‍ പണം വന്നില്ലെന്നു നാട്ടകം സുരേഷും. ഒടുവില്‍ ലിജിന്‍ ലാലിനു സമ്മതിക്കേണ്ടി വന്നു, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയിലുള്ളവര്‍ക്കു മാത്രമേ പണം ലഭിച്ചിട്ടുള്ളൂവെന്ന്.
കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും നാട്ടകം സുരേഷും എ.വി. റസലും ഒരുമിച്ച് എതിര്‍ത്തപ്പോള്‍ നിങ്ങള്‍ക്ക് ഒരു മുന്നണിയായി മത്സരിച്ചാല്‍ പേരേ, വെറുതേ എന്തിന് എനര്‍ജി കളയുന്നു എന്ന് ലിജിന്‍ലാല്‍. തൊഴിലുറപ്പു പദ്ധതി ബിജെപിയുടേതാണെന്ന് പറഞ്ഞ ലിജിന്‍ ലാലിനെ നാട്ടകം സുരേഷും റസലും ഒന്നിച്ചാണ് നേരിട്ടത്.
യുപിഎ സര്‍ക്കാരാണെന്നു സുരേഷ് പറഞ്ഞപ്പോള്‍ സിപിഎം പിന്തുണച്ച ഒന്നാം യുപിഎ സര്ക്കാരണെന്നു റസല്‍ തിരുത്തി.പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി റോബിന് തോമസ് നന്ദിയും പറഞ്ഞു.
20 സീറ്റിലും യുഡിഎഫ് ജയിക്കും
കേരളത്തിലെ 20 ലോക്സഭ സീറ്റിലും യുഡിഎഫ് വിജയിക്കും. കോട്ടയം യുഡിഎഫിന്റെ കോട്ടയാണ്. ആ കോട്ട ഇളകുകയില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കും. ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസിന്റെ തിരുച്ചുവരവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇതുപോലെയൊരു ഭരണവും കെട്ടകാലവും ഉണ്ടായിട്ടില്ല. പാര്ട്ടിക്കാര് പോലും ഭരണത്തിനെതിരേയാണ് സംസാരിക്കുന്നത്. സര്‍ക്കാരിന്റെ ജനദ്രേഹ നയങ്ങള്‍ക്കെതിരേയുള്ള വിധിയെഴുത്ത് ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലുമുണ്ടാകും.
നാട്ടകം സുരേഷ്, ഡിസിസി പ്രസിഡന്റ്
എല്‍ഡിഎഫ് മികച്ച വിജയം നേടും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം എല്‍ഡിഎഫ് നേടും. ജില്ലയിലെ മൂന്നു പാര്‍ലമെന്റ് മണ്ഡലത്തിലും അഭിമാനകരമായ വിജയമായിരിക്കും. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റുക, കേരളത്തിലെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക ഇതാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
രാജ്യത്തിന്റെ ഫെഡറല്‍ സങ്കല്‍പ്പത്തെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഇന്ത്യയിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഇതിനെതിരേ സമരത്തിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഇതിനോട് സഹരിക്കുന്നില്ല. വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു.
എ.വി. റസല്‍, സിപിഎം ജില്ലാ സെക്രട്ടറി
മോദിയുടെ ഗാരന്റിയില്‍ കോട്ടയവും
മോദിയുടെ ഗാരന്റിയില്‍ ഇത്തവണ കോട്ടയവുമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ബിജെപി വോട്ടര്‍മാര്‍ക്കിടയില്‍ വയ്ക്കുന്നത്.
ഇതു വോട്ടായി മാറും. മോദിയുടെ ഗാരന്റിയില്‍ കോട്ടയത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും ബിജെപിക്ക് മികച്ച വിജയം നേടാനാകും. കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ ജനം മടത്തു. ലോകശക്തിയില്‍ മൂന്നോട്ടു കുതിക്കാന്‍ ഇനിയും മോദി സര്‍ക്കാര്‍ വരേണ്ടതുണ്ട്. അതിനു കേരളത്തിന്റെ പിന്തുണ ഇത്തവണയുണ്ടാകും.
ജി. ലിജിന്‍ലാല്‍, ബിജെപി ജില്ലാ പ്രസിഡന്റ്
സ്വന്തം ലേഖകന്‍