കോട്ടയം: എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ ഇന്നലെ കട്ടച്ചിറയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കോട്ടയത്തേക്ക് പോന്നു. പിന്നീട് ചുങ്കം പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വോട്ട് അഭ്യർഥിച്ചു.
തുടർന്ന് കുമാരനല്ലുർ, മുടിയൂർക്കര, എസ്എച്ച് മൗണ്ട്, നട്ടാശേരി, മുണ്ടകപ്പാടം, നീലിമംഗലം, വെള്ളൂപറന്പ് എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥിക്ക് സ്വീകരണം നല്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ച സ്ഥാനാർഥി വിവിധ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു.
രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. കൊല്ലപ്പെട്ട കെവിന്റെ വീട്ടിലെത്തിയ സ്ഥാനാർഥിയെ കെവിന്റെ പിതാവ് ജോസഫ് സ്വീകരിച്ചു. ചലച്ചിത്ര താരം കോട്ടയം പ്രദീപിനെയും വീട്ടിലെത്തി സന്ദർശിച്ചു.
പുല്ലരിക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും സ്ഥാനാർഥി സന്ദർശനം നടത്തി. സിപിഎം കുമാരനല്ലൂർ ഈസ്റ്റ്് ലോ്ക്കൽ സെക്രട്ടറി വി.ആർ.പ്രസാദ്, വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.എം.സുരേഷ്, നഗരസഭാംഗം കെ.കെ.ശ്രീമോൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
കോട്ടയം : എൻഡിഎ സ്ഥാനാർഥി പി.സി. തോമസ് ഇന്നലെ രാവിലെ പിറവത്തു നിന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. ആരാധനലായങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥി പ്രമുഖ വ്യക്തികളെ വീടുകളിൽ എത്തി കാണുന്നതിനും സമയം കണ്ടെത്തി. കിടങ്ങൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കാവടിയാട്ടത്തിൽ ഭക്തർക്കൊപ്പം പങ്കുചേർന്നു.
തുടർന്ന് രാമപുരത്ത് നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്തു. പാലാ നഗരസഭ പ്രദേശത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച സ്ഥാനാർഥി വൈകുന്നേരം കോട്ടയത്ത്് നടന്ന വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തു. തുടർന്ന് കാണക്കാരി, വെന്പള്ളി പ്രദേശങ്ങളിൽ വോട്ടഭ്യർഥിച്ച് എത്തി.
കോട്ടയം: യുഡിഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനായി വിദ്യാർഥി, യുവജന വിഭാഗം രംഗത്തിറങ്ങി. യൂത്ത് ഫ്രണ്ട് എം ജില്ലാ സ്പെഷൽ കണ്വൻഷൻ വിളിച്ചു ചേർത്താണ് പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചത്. ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി എല്ലാ ബൂത്തുകളിലും യുവജന സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
തോമസ് ചാഴികാടൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടന്പിൽ, ജോസഫ് ചാമക്കാല, സാജൻ തൊടുക, ജോളി മടുക്കക്കുഴി, സുമേഷ് ആൻഡ്രൂസ്, ജോജി കുറത്തിയാടൻ, ശ്രീകാന്ത് എസ് ബാബു, സജി തടത്തിൽ, ടോമി ഓമല്ലൂക്കാരൻ, സാബു കണിപ്പറന്പിൽ, ഷാജി പുളി മുടൻ, ജോസഫ് സൈമണ്, ജോർട്ടിൻ കിഴക്കേത്തലക്കൽ, ഗൗതം എൻ നായർ, ജോയ് സി കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള വിദ്യാർഥി കോണ്ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റ വിജയത്തിനായി 501 അംഗ സ്ക്വാഡ് രൂപീകരിച്ചു.കഐസ്സി എം ജില്ലാ പ്രസിഡന്റ് ടോബി തൈപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.