കോഴിക്കോട്: വിമത ഭീഷണിയില്‍ ആടിയുലഞ്ഞ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ഇടത് മേല്ക്കോയ്മയില് കടപുഴകി. ജില്ലയില്‍ മത്സരിച്ച ഏക മെഡിക്കല്‍ പ്രാക്ടീഷനറും മേയര്സ്ഥാനാര്ഥിയുമായ ചേവായൂര്‍ വാര്‍ഡിലെ ഡോ. പി.എന്‍. അജിത ആണ് ദയനീയമായി പരാജയപ്പെട്ടത്.
കഴിഞ്ഞ രണ്ട് തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ച വാര്‍ഡായിരുന്നു ചേവായൂര്‍. ഇവിടെ 354 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിദ്യാബാലകൃഷ്ണന് കഴിഞ്ഞ തവണ വിജയിച്ചത്.
ചേവായൂര്‍ വാര്‍ഡില്‍ അവസാന ലാപ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ഡോ. പി.എന്‍. അജിതയ്ക്ക് നറുക്കുവീണത്. ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ നേതൃത്വം അജിതയെ മത്സരിപ്പിക്കാന്‍ തയാറായതോടെ വിമത സ്ഥാനാര്‍ഥിയും മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ പുഷ്പ ശേഖരന് വിമതയായി രംഗത്തിറങ്ങി. ഇതോടെ സിറ്റിംഗ് സീറ്റായ ചേവായൂരില്‍ യുഡിഎഫ് ആശങ്കയിലായി .
പുഷ്പ ശേഖരനോട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ട് ചര്‍ച്ച നടത്തിയെങ്കിലും അവര്‍ തയാറായില്ല. മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് പുഷ്പ കോണ്‍ഗ്രസ് വിമതയായി മത്സരിച്ചത്.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നം എല്‍ഡിഎഫിന് വോട്ടായി മാറിയതോടെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലൊന്നാണ് നഷ്ടമായത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതുകൊണ്ടായിരുന്നു പുഷ്പ മത്സരത്തിനിറങ്ങിയത്.
പത്ത് വര്‍ഷമായി ഈ വാര്‍ഡില്‍ കൗണ്‍സിലറായിരുന്നു കെപിസിസി ഭാരവാഹിയായ വിദ്യാബാലകൃഷ്ണന് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പാര്‍ട്ടി തിരക്ക് കാരണം സ്ഥലത്തില്ലാത്ത സാഹചര്യങ്ങളില്‍ വാര്‍ഡിലെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് പുഷ്പയായിരുന്നു.