കോഴിക്കോട്: യുഡിഎഫും എല്‍ഡിഫും പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി. ഇരു മുന്നണികളുടേയും വോട്ട് കച്ചവടവും വര്‍ഗീയ ശക്തികളുടെ ധ്രുവീകരണവും അതിജീവിച്ച് ഉജ്വല വിജയമാണ് ബിജെപി തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയത്.
ഇടത് -വലത് അവിശുദ്ധ സഖ്യത്തിനു മുസ്ലിം ലീഗ് മധ്യസ്ഥം വഹിച്ചുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറയുന്നു. യുഡിഎഫിനു കിട്ടാറുള്ള ന്യൂനപക്ഷ വോട്ടുകളും മതതീവ്രവാദ സംഘടനകളുടെ വോട്ടും എല്‍ഡിഎഫിനു നല്കാന് ലീഗ് നേതൃത്വം ഗൂഢാലോചന നടത്തി.
എല്‍ഡിഎഫ് തിരിച്ചു യുഡിഎഫിനെയും സഹായിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ സഹായം പാലക്കാട് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിനു ലഭിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് പരസ്യവോട്ട് കച്ചവടത്തെക്കുറിച്ചു കെ.സുരേന്ദ്രന് ആരോപിക്കുന്നത്.
കോഴിക്കോട് കോര്‍പറേഷനിലെയും തിരുവനന്തപുരത്തെയും വോട്ടു കണക്കുകള്‍ സഹിതമാണ് സുരേന്ദ്രന്റെ വിമർശനം. തിരുവനന്തപുരം കോര്‍പറേഷനില്‍ 21 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ഒമ്പത് സീറ്റ് മാത്രമാണ് കിട്ടിയത്.
‘സിപിഎമ്മും ലീഗും’
കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും ലീഗും കൈകോര്‍ത്തതായി ലേഖനത്തില്‍ സുരേന്ദ്രന് വിശദമാക്കി. ‘2015 ല്‍ നേടിയതിനേക്കാള്‍ ഇത്തവണ യുഡിഎഫ്സ്ഥാനാര്ഥികള്ക്ക് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി.
ലീഗിന്റെ നേതൃത്വത്തില്‍ മറ്റ് മുസ്ലിം സംഘടനകളും സംയുക്തമായി ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഒരുമിക്കുകയായിരുന്നു.
വോട്ട് എവിടെപ്പോയി
കഴിഞ്ഞ തവണ 966 വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ഥി ഇത്തവണ എല്ലാ ബൂത്തുകളിലും വോട്ട് വര്‍ധിപ്പിച്ച് 1965 വോട്ട് നേടി. എല്‍ഡിഎഫ്സ്ഥാനാര്‍ഥി 443 വോട്ടിനാണ് ഇവിടെ വിജയിച്ചത്.
യുഡിഎഫിനാകട്ടെ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 681 വോട്ട് ഇത്തവണ കുറവാണ്. ബേപ്പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് ഡിവിഷനുകളില്‍ യുഡിഎഫ് വോട്ട് കുത്തനെ കുറഞ്ഞു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎം ലീഗ് അന്തര്‍ധാര സജീവമായിരുന്നു.
22 സ്ഥലത്ത് എന്‍ഡിഎ കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തി. തൃശൂര്‍ കോര്‍പറേഷനിലും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ ഇരുമുന്നണികളും വോട്ട് മറിച്ചു.