തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. കോന്നി, വട്ടിയൂർകാവ്, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോന്നിയിൽ അടൂർപ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ വേണ്ടെന്ന നിലപാട് ജില്ലാ നേതൃത്വം വ്യക്തമാക്കിയതോടെ ഇവിടുത്തെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് കീറാമുട്ടി ആയേക്കും. വട്ടിയൂർകാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ് നിർദ്ദേശം ഐ ഗ്രൂപ്പ് തള്ളിയിരുന്നു.
ഇതോടെ അരൂരിൽ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോൾ ഉസ്മാന് തിരിച്ചടിയായി. ഈ സീറ്റിലെ സ്ഥാനാർഥി നിർണയവും കോൺഗ്രസിന് വെല്ലുവിളി ആയേക്കും. മറ്റിടങ്ങളിലെല്ലാം വേഗത്തിൽ സ്ഥാനാർഥികളെ കണ്ടെത്താനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.