എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ വേണമെന്ന് കെഎസ്യുവും 20 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത്രയും സീറ്റുകൾ ലഭിക്കുമെന്ന ഒരു ഉറപ്പും ഇല്ലെങ്കിലും തങ്ങൾക്ക് അർഹമായ സീറ്റുകൾ നേടിയെടുക്കാൻ ഗ്രൂപ്പുകൾക്ക് അതീതമായി ഒരുമിച്ചുനിന്ന് സമ്മർദ്ദം ചെലുത്താനാണ് ഇരു കൂട്ടരുടേയും തീരുമാനം.
കടുത്ത സമ്മർദ്ദം ചെലുത്തിയാൽ മാത്രമെ 5 സീറ്റുകൾ കെ എസ് യുവിനും 10 സീറ്റുകൾ യൂത്തു കോൺഗ്രസിനും കിട്ടാനിടയുള്ളുവെന്ന് ഇരുകൂട്ടർക്കും അറിയാം. ഇതുകൊണ്ടാണ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ട് കെ പി സി സി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾ ആരംഭിക്കുന്നതിനു മുമ്പ് തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. എന്നാൽ രണ്ടു സീറ്റിലധികം കെഎസ്യുവിനും 5 സീറ്റിലധികം യൂത്ത് കോൺഗ്രസിനും നൽകില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
ഘടകകക്ഷികളുമായുള്ള സീറ്റുചർച്ചകൾ പൂർത്തിയായാൽ മാത്രമേ കോൺഗ്രസ് തന്നെ എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പു പറയാൻ പറ്റുകയുള്ളു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം വലിയ ഉറപ്പുകളൊന്നും ഇരുകൂട്ടർക്കും ഇതുവരെ നൽകിയിട്ടില്ല.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളെ വിദ്യാർഥി യുവജന സംഘടനാ പ്രതിനിധികൾ ഉടൻ കാണും. വിജയ സാധ്യതയുള്ള സീറ്റുകൾ നൽകണമെന്നും ചാവേറുകളാകാൻ തങ്ങളില്ലെന്നും വിദ്യാർഥി യുവജന സംഘടനാ പ്രതിനിധികൾ നേതൃത്വത്തെ ധരിപ്പിക്കും.
വർഷങ്ങളായി മത്സരിക്കുന്നവരെ ഒഴിവാക്കി തങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനിടെ തങ്ങൾക്കും അർഹമായ സീറ്റുകൾ വേണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസും ഐഎൻടിയുസിയും കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.