കാഞ്ഞിരപ്പള്ളി: ഒന്നര മാസം നീണ്ടു നിന്ന ചൂടേറിയ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞു. ഇനി ആഴ്ചകൾ കാത്തിരിക്കണം ഫലത്തിനായി. വിജയം ആർക്കൊപ്പം എന്ന് പ്രവചിക്കാൻ ഒരു മുന്നണിക്കും കഴിയുന്നില്ല. ഒരു മുന്നണിയിലും അമിത ആഹ്ലാദമില്ല.
തെരഞ്ഞെടുപ്പിന്റെ കണക്കെടുപ്പു മുന്നണികൾ തുടങ്ങി. പോളിംഗ് ശതമാനം കൂടിയത് ആരെ തുണയ്ക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. മുന്നണികൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ് പോളിംഗ് ശതമാനം. പത്തനംതിട്ട പാർലമെന്റിൽ റിക്കാർഡ് പോളിംഗാണ് നടന്നത്. കൂടാതെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കൂടി.
പോളിംഗ് ശതമാനം കൂടിയത് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫ് ക്യാന്പ് പറയുന്നത്. നേതാക്കൾ തമ്മിൽ ചേരിതിരിവോ, ഗ്രൂപ്പു പ്രവർത്തനമോ ഘടകകക്ഷി നേതാക്കൾ തമ്മിലുള്ള വേർതിരിവോ ഉണ്ടായിട്ടില്ല. ചിട്ടയായ പ്രചരണമാണ് ഇക്കുറി നടന്നത്.
മുൻ വർഷങ്ങളിൽ വോട്ടു ചെയ്യാത്ത യുഡിഎഫ് അനുകൂലികൾ ഇക്കുറി വോട്ട് ചെയ്തതെന്നും കേരളത്തിൽ എൽഡിഎഫിന്റെയും കേന്ദ്രത്തിൽ എൻഡിഎയുടെയും ഭരണത്തിനെതിരേയുള്ള പ്രതിഷേധവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഉടൻ ബൂത്തു തലം മുതൽ കണക്കെടുപ്പു തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
രണ്ടു തവണ എംപിയായിരുന്ന ആന്റോ ആന്റണി പാർലമെന്റ് മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും അഞ്ചു വർഷത്തിനു ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് വീണ്ടും വന്നതെന്നും എൽഡിഎഫ് ആരോപിച്ചിരുന്നു. വർഗീയതയ്ക്കെതിരേ നിലപാട് എടുക്കണമെങ്കിൽ കേന്ദ്രത്തിൽ സിപിഎം വരണമെന്ന് വോട്ടർമാർ ചിന്തിച്ചു.
ഇക്കാരണത്താലാണ് പോളിംഗ് ശതമാനം കൂടിയതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. വീടുകൾ കേന്ദ്രീകരിച്ച് നടന്ന പ്രചരണവും കുടുംബ യോഗങ്ങളിലുണ്ടായ വോട്ടർമാരുടെ പ്രതികരണങ്ങളും തങ്ങൾക്ക് അനുകൂലമെന്ന് നേതാക്കൾ പറഞ്ഞു. എണ്ണയിട്ട യന്ത്രം പോലെയാണ് പ്രചരണം നടന്നത്. യുഡിഎഫ്, എൻഡിഎ മുന്നണികൾക്കെതിരേയുള്ള ജനങ്ങളുടെ പ്രതികരണമാണ് പോളിംഗ് ശതമാനം വർധിക്കുവാൻ കാരണമെന്നും ഇവർ പറഞ്ഞു.
ഇരു മുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രസ്ഥാനാർഥിയായി പൂഞ്ഞാറിൽ വിജയിച്ച ജനപക്ഷം എൻഡിഎയിൽ ചേർന്നത് എത്രമാത്രം പ്രതിഫലിച്ചുവെന്ന് കാണാൻ തെരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണം. ഈ തെരഞ്ഞെടുപ്പ് ഫലം പി.സി. ജോർജിന് ഏറെ നിർണാകമാണ്. എൻഡിഎക്ക് പിന്തുണ നൽകി കെ.സുരേന്ദ്രന്റെ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചത് പി.സി. ജോർജാണ്.
കേരള സർക്കാരിന്റെ ഭരണത്തിനെതിരേയുള്ള വികാരവും മോദി സർക്കാർ വീണ്ടും വരണമെന്നുള്ള വോട്ടർമാരുടെ ആഗ്രഹവുമാണ് പോളിംഗ് ശതമാനം വർധിക്കാൻ കാരണമെന്ന് ഇവർ അവകാശപ്പെട്ടു. ജനപക്ഷം പാർട്ടി തങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചതും ദേശീയ നേതാക്കൾ പത്തനംതിട്ടയിൽ നടത്തിയ പ്രചരണവും തങ്ങൾക്ക് അനുകൂലമാകും. കഴിഞ്ഞ നിയമസഭയിൽ ഉണ്ടായ വോട്ട് വർധനവ് ഇക്കുറിയും ഉണ്ടാകുമെന്നും ജനങ്ങളുടെ മനസ് തങ്ങൾക്കൊപ്പമായിരുന്നുവെന്നും എൻഡിഎ നേതാക്കൾ പറഞ്ഞു.
അടിയൊഴുക്കുകൾ ഉണ്ടായിട്ടില്ലെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്പോഴും ചില പ്രദേശങ്ങളിൽ അടിയൊഴുക്കുകൾ നടന്നുണ്ടെന്നു പറയപ്പെടുന്നു.പതിവായി വോട്ട് ചെയ്തവർ മുന്നണി മാറി ചിന്തിച്ചുണ്ടെന്നും അവകാശവാദമുണ്ട്.