സ്വന്തം ലേഖകൻ
തൃശൂർ: വോട്ടെടുപ്പു പൂരത്തിനു പാർട്ടി പട്ടം പറത്താം; നിറപ്പകിട്ടാർന്ന കുടമാറ്റവുമാകാം. പൂരക്കുടയല്ല, വോട്ടുപിടിക്കുന്ന കുടകൾ. പ്രചാരണത്തിന് ആവേശം പകരാൻ പാർട്ടിക്കൊടികളുടെ വർണപ്പൊലിമയും ചിഹ്നങ്ങളുമടങ്ങിയ കുടകൾ റെഡി.
പ്രചാരണത്തിന് ഇറങ്ങുന്നവർക്കും റാലിയിൽ പങ്കെടുക്കുന്നവർക്കുമെല്ലാം ഈ കുടകൾ ചൂടാം. തൃശൂർ പൂരത്തിന്റെ കുടമാറ്റംപോലെ മിന്നുന്ന പ്രചാരണക്കുടകൾ. ഒപ്പം മീനച്ചൂടിനെയും കരിഞ്ഞുപോകുന്ന പൊരിവെയിലിനേയും ചെറുക്കാം.
തൃശൂർ ഹൈറോഡിനടുത്ത പുത്തൻപള്ളി റോഡിലുള്ള കേരള ഫാൻസിയിലാണ് പാർട്ടിക്കുടകൾ സജ്ജമായിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ത്രിവർണ കുടകളും ബിജെപിയുടെ ഇരുവർണക്കുടകളും കമ്യൂണിസ്റ്റു പാർട്ടികളുടെ ചുവന്ന കുടകളും ഉണ്ട്. ചിഹ്നം സഹിത മാണ് കുടകൾ ഒരുക്കിയിരിക്കുന്നത്.
കുടകൾ മാത്രമല്ല, തോരണങ്ങളും കൊടിക്കൂറകളും കീച്ചെയിനുമെല്ലാമുണ്ട്. ബലൂണുകളും പട്ടങ്ങളും പറപ്പിക്കാം. ധരിക്കാൻ കുർത്തയും ടി ഷർട്ടും തൊപ്പിയും ഷാളുമുണ്ട്.
65 രൂപ മുതൽ 250 രൂപ വരെയാണു കുടകളുടെ വില. തൊപ്പിക്കു പത്തു രൂപയേയുള്ളൂ. ടീ ഷർട്ടിന് 80 രൂപ. കൊടിക്കു പത്തു രൂപ കൊടിക്കൂറയ്ക്ക് 15. ബലൂണിനു മൂന്നു രൂപയാണെങ്കിൽ പട്ടത്തിന് 20 രൂപ.
പ്രചാരണം മുറുകുന്ന മുറയ്ക്ക് ഓരോ പാർട്ടിയുടേയും ബൂത്തു കമ്മിറ്റികൾ മുതൽ മണ്ഡലം കമ്മിറ്റികൾ വരെയുള്ളവയുടെ ഭാരവാഹികളും പാർട്ടി പ്രവർത്തകരുമെല്ലാം ഈ ഇനങ്ങൾ തേടി വരുന്നുണ്ടെന്നു കേരള ഫാൻസി ഉടമ ഷെബീർ പറഞ്ഞു.