കുമരകം: വർഷങ്ങളുടെ പഴക്ക മുള്ള ഒരു ചുമർ തെരഞ്ഞെടുപ്പ് പരസ്യം ഇന്നും മായാതെ നിൽക്കുന്നു. പരസ്യ വാചകങ്ങളിൽ പറയുന്ന വെയിലിനെയും മഴയേയും അതിജീവിക്കുന്ന ഈടുറ്റ പെയിന്റുകൊണ്ടല്ല ഇതെഴുതിയത്. വെറും കുമ്മായം കുഴച്ച് അതിലെഴുതിയ അക്ഷരങ്ങൾ 32 വർഷങ്ങൾക്കു ശേഷവും മിഴിവോടെ നിൽക്കുന്നു.
കുമരകം ജെട്ടിപ്പാലത്തിലെ ചുവരെഴുത്ത് സ്ഥാനാർഥി ഓർമയായിട്ടും ഒളിമങ്ങാതെ സ്ഥിതി ചെയ്യുന്നു. 1987-ൽ ഇടതു മുന്നണി സ്ഥാനാർഥിയായി കോട്ടയം അസംബ്ലി നിയോജക മണ്ഡലത്തിൽ മത്സരിച്ച ടി.കെ.രാമകൃഷ്ണന് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന ചുവരെഴുത്താണ് ഇന്നും മായാതെ നിലനില്ക്കുന്നത്.
കുമരകം ജെട്ടി പാലത്തിന്റെ ഇരുവശങ്ങളിലും എഴുതിയ ചുവരെഴുത്തിൽ കിഴക്കു വശത്തേതാണ് പിന്നീട് പല തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും വെയിലും മഴയും മാറി മറഞ്ഞിട്ടും മായാതെ സ്ഥിതി ചെയ്യുന്നത്. നീലയും കറുപ്പും നിറങ്ങൾ ചാലിച്ച് വെള്ള കുമ്മായത്തിൽ എഴുതിയതാണീ ചുവർ പരസ്യം. പാലത്തിന്റെ കൈവരികളിൽ കയർ കെട്ടി പലകയിൽ ഇരുന്ന് സാഹസികമായാണ് ഇത് എഴുതിയത്.
സിപിഐയുടെ സജീവ പ്രവർത്തകനായിരുന്ന ആപ്പിത്ര സുഗുണനാണ് ചുവരെഴുതിയത്.സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ട ടി.കെ.രാമകൃഷ്ണൻ സുരക്ഷിത ഇടം തേടിയാണ് കോട്ടയത്ത് മത്സരിക്കാനെത്തിയത്. കോട്ടയത്തെ ഇപ്പോഴത്തെ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് 1987ൽ 9526 വോട്ടിന് പരാജയ പ്പെടുത്തിയത്.
പിന്നീട് 1991ലും 96-ലും ടി.കെ. രാമകൃഷ്ണനും ഇടതുമുന്നണിക്കും ഈ ചുവരെഴുത്ത് മാറ്റേണ്ടി വന്നില്ല. പാലത്തിന്റെ പടിഞ്ഞാറുവശത്തെ ചുവരെഴുത്ത് മറ്റു പരസ്യങ്ങൾക്കു വഴിമാറിയെങ്കിലും കാലം മായ്ക്കാത്ത ഓർയായി ഈ ചുവരെഴുത്ത് മിഴിവോടെ നിലനിൽക്കുന്നു.