കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്തോറും പുതുമയാർന്ന പ്രചാരണ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ. സ്ഥാനാർഥികൾക്കുവേണ്ടി കുരുന്നുകൾ ഗാനം ആലപിക്കുന്നതാണ് എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെ പുതിയ പ്രചാരണ തന്ത്രം. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനുവേണ്ടി പള്ളിക്കരയിലെ കുട്ടി സഹോദരങ്ങളാണ് ഗാനം ആലപ്പിച്ചതെങ്കിൽ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനു വേണ്ടി മകൾ ക്ലാര അന്ന ഈഡൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ “ഉള്ളം തൊടും ഹൈബി ഈഡൻ’ എന്ന ഗാനമാണ് ആറു വയസുകാരി ക്ലാര ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ശബ്ദവും വീഡിയോയും ചിത്രീകരിക്കാൻ ഒന്നര മണിക്കൂറിൽ താഴെ മാത്രമേ വേണ്ടിവന്നുള്ളൂ. മെജോ ജോസഫ് ചിട്ടപ്പെടുത്തിയ ഗാനം ഇതിനോടകം തന്നെ വൈറലായി. ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുന്നേ ക്ലാര പാടിയ ‘പറയൂ പറയൂ തത്തമ്മേ’ എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
അറിഞ്ഞോ ഇന്നസെന്റാണെ.. എൽഡിഎഫ് സാരഥിയാണെ…, ചാലക്കുടിക്കാരുടെ സാരഥി ഇന്നസെന്റെണല്ലേടി… എന്നീ ഗാനങ്ങളാണ് ഇന്നസെന്റിനുവേണ്ടി പള്ളിക്കര സ്വദേശികളായ വിസ്മയ് വാസ്, വിശ്വാസ് വാസ് എന്നീ സഹോദരങ്ങൾ ആലപിച്ചത്. മുരിയമംഗലം സ്വദേശി മുരുകേശൻ രചിച്ച ഗാനങ്ങൾ റിക്കോർഡ് ചെയ്തത് പെരുന്പാവൂർ കലാഭവൻ ബഷീറിന്റെ സ്റ്റുഡിയോയിലാണ്.
വിസ്മയ് വാസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഷിജി ശിവജിക്കു വേണ്ടിയും ഗാനം ആലപിച്ചിരുന്നു. ബാലസംഘം കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗമായ വിസ്മയ് വാസ് കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
സഹോദരനായ വിശ്വാസ് വാസ് ആലുവ എൻഎഡി കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസി വിദ്യാർഥിയും. സിപിഎം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി അംഗമായ എൻ.വി. വാസുവിന്റെയും മിനി വാസുവിന്റെയും മക്കളാണ്.