കോട്ടയം: വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വോട്ടു ചെയ്യുന്നതിന് ശന്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിനമായ 23ന് ശന്പളത്തോടെ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി.
സ്വകാര്യമേഖലയിൽ പണിയെടുക്കുന്ന ദിവസ വേതനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളിൽ പോകുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും അന്നേ ദിവസത്തെ ശന്പളം അല്ലെങ്കിൽ വേതനം തൊഴിലുടമകൾ നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മിഷീനുകളിൽ ബാലറ്റുകൾ സജ്ജീകരിക്കുന്ന നടപടികൾ പൂർത്തിയായി. ജില്ലയിലെ 1564 ബൂത്തുകളിലേക്കുളള മിഷീനുകളിലും സ്ഥാനാർത്ഥികളുടെ പേരും, ചിഹ്നവുമടങ്ങിയ ബാലറ്റുകളുടെ സെറ്റിംഗ് 14നാണ് ആരംഭിച്ചത്.
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ യഥാക്രമം 176, 179, 159, 165, 171, 182, 172, 181, 179 പോളിംഗ് സ്റ്റേഷനുകളിലേക്കുളള വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് സെറ്റ് ചെയ്തു.
വിവിപാറ്റിൽ പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന സ്ലിപ്പും അതത് പോളിംഗ് സ്റ്റേഷനുകളിലേക്കുളള വിവിപാറ്റ് മിഷീനുകളിൽ സെറ്റ് ചെയ്തു. 22 വരെ സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലായിരുന്നു ബാലറ്റ് സെറ്റിംഗ്.