കോട്ടയം: സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിയിലും പ്രതിച്ഛായ നഷ്ടപ്പെട്ട പിണറായി സർക്കാർ തുടർഭരണം ലക്ഷ്യമിട്ടാണ് ജോസ് കെ. മാണി വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി മാസങ്ങൾക്കു മുന്‍പു തന്നെ സിപിഎം നേതൃത്വം ജോസ് കെ. മാണി വിഭാഗവുമായി ചർച്ചകൾ നടത്തിയിരുന്നു.
മധ്യകേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയാൽ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടതു മുന്നണിക്കു സീറ്റുകൾ വർധിപ്പിക്കാം എന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്.
മലബാറിലെ കുടിയേറ്റ മേഖലകളിലെ വിജയിക്കാനാവാത്ത സീറ്റുകളിലും കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം സ്ഥാനാർഥികളെ രംഗത്തിറക്കി കോണ്‍ഗ്രസിൽ നിന്നു സീറ്റുകൾ പിടിച്ചെടുക്കാമെന്നുള്ള ധാരണയും സിപിഎം നേതൃത്വത്തിനുണ്ട്.
ഇതാണ് ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കാൻ സിപിഎം നേതൃത്വം താൽപര്യം കാട്ടുന്നത്. കോണ്‍ഗ്രസിന്റെ 10 സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നും മറ്റുള്ള സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയം കൂടുതൽ ഉറപ്പാക്കാമെന്നുമാണ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിലൂടെ സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.
മധ്യകേരളം പിടിക്കാൻ
അടുത്തുവരുന്ന തൃതലപഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും മധ്യകേരളത്തിൽ ഇടതു മുന്നണിക്ക് ആധിപത്യം ഉറപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.
കോട്ടയം ജില്ലയിലെ 71 പഞ്ചായത്തിൽ 50നു മുകളിൽ ഭരണം നേടാമെന്നും ആറു മുനിസിപ്പാലിറ്റികളിൽ എല്ലായിടത്തും ഭരണം പിടിച്ചെടുക്കാമെന്നും ജില്ലാ പഞ്ചായത്തിലും ഒന്‍പതു ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം ഉറപ്പാക്കാനും ജോസ് വിഭാഗത്തിന്റെ വരവിലൂടെ സാധ്യമാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
എൽഡിഎഫിനും സിപിഎം നേതൃത്വത്തിനും ഒരിക്കലും ഭരണം ലഭിക്കാത്ത പാലാ മുനിസിപ്പാലിറ്റി പോലെയുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കുത്തക പഞ്ചായത്തുകളും മറ്റും പുതിയ മുന്നണിയിലൂടെ
ഇടതു മുന്നണിക്ക് അനുകൂലമാകുമെന്നും ഇതു സംസ്ഥാന തലത്തിലും ഇടതു മുന്നണിക്കു വലിയ മുന്നേറ്റമുണ്ടാകുന്നും നേതൃത്വം കരുതുന്നു. ആദ്യ പരീക്ഷണമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തിനനുസൃതമായിക്കും നിമയസഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചർച്ചകൾ നടക്കുന്നത്.