കാസർഗോഡ്: സിപിഎമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തെ ചന്ദ്രക്കലയും നക്ഷത്രവുമായി ചേർത്തുവച്ച് കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണനു വേണ്ടി ഇറക്കിയ ഈദുൽ ഫിത്തർ ആശംസാ കാർഡ് വിവാദമായി.
വിവാദത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മതചിഹ്നം ഉപയോഗിച്ചതിന്റെ പേരിൽ അയോഗ്യത പോലും വരാനിടയുണ്ടെന്ന നിയമോപദേശം ലഭിച്ചതോടെ കാർഡിന്റെ വിതരണം നിർത്തിവച്ചു.
എന്നാൽ, മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം വിതരണം നടന്നുകഴിഞ്ഞതിനാൽ കാർഡിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണി നേതാക്കളുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നു യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
കാസർഗോഡ് മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെ പേരിലാണ് കാർഡുകൾ അച്ചടിച്ചതെന്ന് ഇവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 25,000 കാർഡുകളാണ് അച്ചടിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അരിവാളിനൊപ്പം ചന്ദ്രക്കല വന്നത് കാർഡ് ഡിസൈൻ ചെയ്ത് അച്ചടിച്ച വേളയിലുണ്ടായ പിഴവാണെന്നും അത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിതരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നും കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു.
അതേസമയം, ഈദുൽഫിത്തർ എന്നതിനുപകരം റംസാൻ ആശംസകൾ എന്ന് കാർഡിൽ അച്ചടിച്ചത് പിഴവാണെന്നും അതുകൊണ്ടാണു വിതരണം നിർത്തിവച്ചതെന്നുമാണ് മറ്റു ചില നേതാക്കളുടെ വിശദീകരണം.