സിജോ പൈനാടത്ത്
കൊച്ചി: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഇക്കുറി ക്രിസ്മസ് നക്ഷത്രങ്ങൾപോലെ മിന്നിത്തിളങ്ങും. എൽഇഡികൾകൊണ്ടു ചിഹ്നങ്ങൾ ഒരുക്കുന്നതാണു തിളങ്ങാൻ കാരണം. സംസ്ഥാനത്തെ മൂന്നു പ്രധാന രാഷ്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങളും ഈവിധം വിപണിയിൽ സജീവമായിത്തുടങ്ങി.
കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി ത്രിവർണങ്ങളിലുള്ള എൽഇഡികൾകൊണ്ടാണു നിർമിച്ചിട്ടുള്ളത്. മൂന്നു വർണങ്ങളിൽ മാറിമാറി മിന്നിത്തിളങ്ങുന്ന കൈപ്പത്തി വോട്ടർമാരെ ആകർഷിക്കും. പൂർണമായും ചുവപ്പുവെട്ടത്തിലാണു സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പ്രകാശിക്കുക. ഓറഞ്ചു വർണത്തിലുള്ള എൽഇഡികളിലൊരുക്കിയ താമര ബിജെപിയുടെ പ്രചാരണവേദികൾക്കു ശോഭ പകരും.
ഒരു ചതുരശ്രയടി വിസ്തീർണത്തിലാണ് എൽഇഡിചിഹ്നങ്ങൾ നിർമിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലുള്ള നിർമാണ യൂണിറ്റിൽനിന്ന് എൽഇഡി തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ വിപണികളിലേക്ക് എത്തിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ആവേശം കൂടുതലുള്ള മലബാറിലും തെക്കൻകേരളത്തിലും വലിയ തോതിൽ ഇതിന് ആവശ്യക്കാരുണ്ടെന്നു നിർമാതാക്കൾ പറയുന്നു.
80 മുതൽ നൂറു വരെ എൽഇഡികളാണ് ഒരു ചിഹ്നത്തിൽ ഉപയോഗിക്കുന്നത്. ഒന്നിനു മുന്നൂറു രൂപ മുതലാണു വില. കവലകളിലും പാതയോരങ്ങളിലും ഒന്നിലധികം എൽഇഡി ചിഹ്നങ്ങൾ നിരയായി തൂക്കിയിടുന്നതിലെ ആകർഷണീയത, ഇക്കുറി തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലെ സവിശേഷതയാകും.