തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കൂട്ടത്തോടെ ബാറുകൾ ആരംഭിച്ചതിനു പിന്നാലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതിനായി മൂന്നു വൻകിട മദ്യവിതരണ കന്പനികളുമായി എക്സൈസ് വകുപ്പിന്റെ ചർച്ച അന്തിമഘട്ടത്തിലായി.
ബക്കാഡിയ കൂടാതെ ബ്രിട്ടന്, ജർമനി എന്നിവ ആസ്ഥാനമായുള്ള മറ്റു രണ്ടു മദ്യക്കന്പനികൾക്കൂടി വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് എത്തിക്കുന്നതിനായി സർക്കാരുമായി ചർച്ച നടത്തുന്നുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ കേരളത്തിലെ ഡീലർഷിപ്പിനെക്കുറിച്ചുള്ള അവസാനഘട്ട ചർച്ചകളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നതെന്നാണു വിവരം. സർക്കാർ നിർദേശിക്കുന്ന ചിലർക്ക് കേരളത്തിലെ ഡീലർഷിപ് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയതായാണു സൂചന.
കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽപ്പന നടത്താനായി ലോകത്തെ മുൻനിര മദ്യക്കന്പനികളെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇവയിലെ ആൾക്കഹോളിന്റെ അളവ് അഞ്ച് ശതമാനത്തിൽ കുറവാണെന്നാണ് പറയപ്പെടുന്നത്. 80 ശതമാനം വിൽപ്പന നികുതി ഈടാക്കാനാണു നീക്കം. നിലവിൽ 400 രൂപയ്ക്കു മുകളിൽ അടിസ്ഥാനവിലയുള്ള മദ്യത്തിന് 251 ശതമാനമാണു വിൽപ്പനനികുതി. ഇതിനു താഴെ 241 ശതമാനവും.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് നികുതി നിരക്ക് പുതുക്കണമെന്നു ശിപാർശ നൽകിയിരുന്നു. നികുതി നിരക്കിൽ കുറവു വരുത്തണമെന്നാണ് ജിഎസ്ടി കമ്മീഷണറുടെ ശിപാർശ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രുവറി ഡിസ്റ്റലറി കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം 2016 മേയിൽ അവസാനിക്കുന്പോൾ സംസ്ഥാനത്ത് ചുരുങ്ങിയ ബാറുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ഒന്നും രണ്ടും പിണറായി സർക്കാരുകളിലായി ബാറുകളുടെ എണ്ണം 804 ആയി ഉയർന്നു.
ബാറുകളിൽനിന്നുള്ള നികുതി പിരിവിലും സർക്കാർ ദയനീയ പരാജയമാണെന്ന് ആരോപണമുണ്ട്. 2015ൽ തുച്ഛമായ ബാറുകളിൽനിന്നു ലഭിച്ച നികുതി പോലും 804 ബാറുകൾ ഉണ്ടായിട്ടും ലഭിക്കുന്നില്ലെന്നാണ് ആരോപണം.