കോഴിക്കോട്: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം മാറ്റണമെന്ന് വിവിധ മുസ് ലിം സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തിയാൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്.
ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ(സമസ്ത), കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ(കേരള മുസ്ലിം ജമാഅത്ത്), ടി.പി അബ്ദുല്ലക്കോയ മദനി(കെഎൻഎം), പി.മുജീബ് റഹ്മാൻ(ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ), പി.എൻ അബ്ദുല്ലത്വീഫ് മദനി( വിസ്ഡം)എ.നജീബ് മൗലവി(സംസ്ഥാന ജംഇയ്യതുൽ ഉലമാ), ഡോ.ഇ.കെ അഹമദ് കുട്ടി(മർകസു ദ്ദഅവ), ഡോ.പി.ഉണ്ണീൻ(എംഎസ്എസ്) ഉള്‍പ്പെടെയുള്ളവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം തെരഞ്ഞെടുപ്പ് തിയതി മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിനൊപ്പം കര്‍ണാടക, ജമ്മുകാഷ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലും അതേദിവസം വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളില്നിന്നൊന്നും ആവശ്യമുയരാതെ കേരളത്തിനുവേണ്ടി മാത്രം തെരഞ്ഞെടുപ്പ് തിയതി മാറ്റാനുള്ള സാധ്യത വിരളമാണെന്നാണ് ലഭിക്കുന്ന സൂചന.