തെന്മല: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള തമിഴനാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ പരിശോധന ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം മുതല്‍ ആര്യങ്കാവ് ക്ഷേത്രം കവലയിലെ പോലീസ് ചെക്ക്പോസ്റ്റിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
കൊല്ലം തിരുമംഗലം ദേശീയ പാതവഴി മദ്യം, പണം, ആയുധം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കടത്തുന്നത് ഒഴിവാക്കുകയും ഇതിലൂടെ തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമവും സമധാനപരവുമാക്കുന്നതിനുമാണ് നടപടി.
പരിശോധനക്കായി രണ്ടു എസ് ഐമാരുടെ നേതൃത്വത്തില്‍ എട്ടോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുനലൂര്‍ ഡിവൈഎസ്പിക്കാകും പരിശോധനയുടെ മേല്‍നോട്ട ചുമതല.
മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗിന്റെയും ആയുധവും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനായി എക്സ്പ്ലോസീവ് ട്രാക്കർ ഡോഗിന്റെയും സേവനവും ഇവിടെ ഉണ്ടാകും.
ജില്ലാ എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തമിഴനാട് പോലീസിന്റെ സഹകരണത്തോടെ കൊട്ടവസലില് സംയുക്ത പരിശോധന ആരംഭിക്കും. ഒപ്പം തന്നെ അച്ചന്‍കോവില്‍ അതിര്‍ത്തിയിലും കര്‍ശന നിരീക്ഷണം ഉണ്ടാകും.
പുനലൂര്‍ ഡിവൈഎസ്പി എം എസ് സന്തോഷ് തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റിച്ചാർഡ് വർഗീസ്, എസ്.ഐ. ശാലു എന്നിവര്‍ ഇന്നലെ ആര്യങ്കാവ് ചെക്ക്പോസ്റ്റ് സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തി.