നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ ചെറുകക്ഷികൾ കോൺഗ്രസ്-എൻസിപി സഖ്യത്തിന് ‘പാര’ആയേക്കും. കോൺഗ്രസ്-എൻസിപി സഖ്യം തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ചെറുകക്ഷികളുടെ പ്രധാന പരാതി. ഇതോടെ ചെറുകക്ഷികൾ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ദളിത് നേതാവും ബാരിപ ബഹുജൻ മഹാസംഘ് (ബിബിഎം)സ്ഥാപകനുമായ പ്രകാശ് അംബേദ്കർ ആണ് ചെറുകക്ഷികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്.
ബിബിഎമ്മിന് നാലു സീറ്റുകൾ അനുവദിക്കാമെന്ന് കോൺഗ്രസ് പറഞ്ഞതാണ്. പക്ഷേ പ്രകാശ് അംബേദ്കർ ഈ വാഗ്ദാനം നിരസിക്കുന്നു. 18 ലോക്സഭാ സീറ്റിലേക്ക് തങ്ങൾ സ്ഥാനാർഥികളെ നിർത്തും. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസ്-എൻസിപി സഖ്യം തങ്ങൾ സ്ഥാനാർഥിയെ നിർത്തിയ 18 മണ്ഡലങ്ങളിൽ അവരുടെ സ്ഥാനാർഥിയെ നിർത്തരുത്. ഒബിസി, ദളിത്, മുസ്ലിം ഉൾപ്പെടെയുള്ള സമൂഹത്തിന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പിന്തുണ തങ്ങൾക്കുണ്ട്- പ്രകാശ് അംബേദ്കർ പറയുന്നു.
പ്രകാശിനോടൊപ്പം അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎം കൂടിയിട്ടുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പക്ഷേ പ്രകാശ് അംബേദ്കറിന് പൂർണ പിന്തുണ നൽകും. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി മത്സരിക്കുകയും ചെയ്യും.
എന്നാൽ ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റ് വിഭജനമെല്ലാം ഫെബ്രുവരി 18നു തന്നെ നടന്നു. ആകെയുള്ള 48 സീറ്റിൽ 25 സീറ്റിൽ ബിജെപിയും 23 സീറ്റിൽ ശിവസേനയും മത്സരിക്കും. സഖ്യത്തിലേക്ക് ചെറുകക്ഷികൾ കടന്നുവന്നാൽ ബിജെപിയും ശിവസേനയും തുല്യമായി അവരവരുടെ സീറ്റുകൾ വിഭജിച്ചു നൽകും.
കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല. സിപിഎം, രാജു ഷെട്ടിയുടെ സ്വാഭിമാൻ ഷേത്കാരി സംഘ്തന, പിഡബ്ല്യുപി എന്നീ പാർട്ടികളാണ് കോൺഗ്രസിനോട് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബഹു ജൻ വികാസ് അഘാദിയും സഖ്യത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
ഈ ചെറുകക്ഷികളെയൊക്കെ എങ്ങനെ മെരുക്കുമെന്ന ആലോച നയിലാണ് കോൺഗ്രസും എൻസിപിയും. ഇവരെ കൂടെ നിർത്തി യില്ലെങ്കിൽ ഇവർ പ്രകാശ് അംബേദ്കറുടെ കൂട്ടായ്മയിലേക്ക് എത്തിപ്പെടും. ഇത് കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ സാധ്യ തകളെ ബാധിക്കും. ഇതുകൂടി മനസിലാക്കിയുള്ള പരിഗണന കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ ക്കും.
പക്ഷേ രാജ് താക്കറേയുടെ മഹാരാഷ്ട്ര നവനിർമാൺ സേന യെ(എംഎൻഎസ്) സഖ്യത്തിൽ ഉൾപ്പെടുത്തില്ല. ൻസിപിക്ക് താല്പര്യമുണ്ടെങ്കിലും കോൺഗ്രസ് അനുകൂലിക്കുന്നില്ല. എം എൻഎസിന്റെ ആശയം കോൺഗ്രസുമായി യോജിച്ചതല്ലെന്നും എംഎൻഎസ് ഒരു വർഗീയ പാർട്ടിയാണെന്നുമാണ് കോൺഗ്രസ് നിലപാട്. രാജു ഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി സംഘ്തനയ്ക്ക് ഒരു സീറ്റ് നൽകിയേക്കും. ആറു സീറ്റാണ് ഇവർ ആവശ്യപ്പെട്ടത്. മൂന്ന് സീറ്റെങ്കിലും ലഭിക്കണമെന്നാണ് രാജുഷെട്ടിയുടെ നിലപാട്.
പ്രകാശ് അംബേദ്കർ കോൺഗ്രസ്-എൻസിപി സഖ്യത്തെ പിന്തുണയ്ക്കണമെന്ന് എൻസിപി നേതാവ് ശരത് പവാർ ആവ ശ്യപ്പെട്ടു. മറ്റൊരു മുന്നണിയായി മത്സരിച്ചാൽ പ്രതിപക്ഷ വോട്ടു കൾ ചിതറുമെന്നും അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും ശരത് പവാർ ചൂണ്ടിക്കാട്ടി.
അതേസമയം, ബിജെപി-ശിവസേന സഖ്യത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്തവാലേയുടെ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ തലവേദനയായിട്ടുണ്ട്. ബിജെപി-ശിവസേന സഖ്യം വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലായെന്ന് രാംദാസ് അത്തവാലേ ആരോപിക്കുന്നു. രണ്ടുസീറ്റുകൾ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യം പരിഗണിച്ചാൽ ബിജെപിയും ശിവസേനയും ഒാരോ സീറ്റുകൾ വിട്ടു നൽകിയേക്കും.