മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രചാരണം ഒന്നാംഘട്ടം പിന്നിടുന്നു. വാശിയേറിയ പ്രചാരണമാണ് ഏങ്ങും കാണുന്നത്. അതുകൊണ്ടു തന്നെ നേരിയ സമയം പോലും കളയാതെ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർഥികൾ. കൊടുംചൂടിനെ വകവയ്ക്കാതെ പരാമാവധി വോട്ടർമാരെ നേരിൽ കാണാനും കുടുംബയോഗങ്ങളിൽ പങ്കെടുക്കാനുമാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വലിയ മണ്ഡലമായതിൽ സ്വീകരണ യോഗങ്ങളിൽ അൽപ്പം മാത്രം പ്രസംഗിച്ചു വോട്ടർമാരെ നേരിൽ കാണാനാണ് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലും ഇക്കാര്യത്തിൽ വിഭിന്നമല്ല. കുടുംബയോഗങ്ങളിലും ടൗണിൽ നാലാൾ കൂടുന്നിടത്തുമൊക്കെ അദ്ദേഹം എത്തുന്നു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് ഒരു നിമിഷം പോലും പാഴാക്കാതെയാണ് പ്രചാരണ രംഗത്തുള്ളത്.
ഇവർക്കൊപ്പം ആറു സ്വതന്ത്ര സ്ഥാനാർഥികളും വോട്ടുതേടിയെത്തുന്നുണ്ട്. മണ്ഡലത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കാണുന്ന വലിയ ആൾക്കൂട്ടം സ്ഥാനാർഥികൾക്കു പ്രതീക്ഷ വർധിപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും തെരഞ്ഞെടുപ്പ് ആവേശത്തിന് മലപ്പുറത്ത് ഒരു കുറവുമില്ല. തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പാർട്ടി അണികളും രാവിലെ മുതൽ സജീവമാണ്. അതതു കേന്ദ്രങ്ങളിലേക്കു പര്യടനത്തിനിറങ്ങേണ്ട ഒരുക്കങ്ങൾ എല്ലാം വളരെ ചടുതലയോടെയാണ് പ്രവർത്തകർ കൈകാര്യം ചെയ്യുന്നത്.
ഒരു കേന്ദ്രത്തിൽ നിന്നു മറ്റു കേന്ദ്രത്തിലേക്കു സ്ഥാനാർഥികൾ എത്തുംമുന്പേ സ്വീകരണ സ്ഥലം റെഡി. സ്ഥാനാർഥികൾ എത്തുംവരെ നേതാക്കളുടെ തകർപ്പൻ പ്രസംഗമാണ് ഏങ്ങും മുഴങ്ങികേൾക്കുന്നത്. പിന്നീട് സ്ഥാനാർഥികളെത്തി കാര്യങ്ങൾ മാത്രം ചെറിയ സമയം കൊണ്ടു പറഞ്ഞുതീർത്തു വോട്ടർമാരുടെ അടുത്തെത്തുന്നു. പിന്നീട് വോട്ടർഭ്യഥിക്കലും കുശലാന്വേഷണവും നടത്തി അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.
ഇതിനിടെ ഉച്ചഭക്ഷണവും അൽപ്പസമയത്തെ വിശ്രമവുമെല്ലാം കഴിയും. വൈകുന്നേരങ്ങളിലാണ് ടൗണുകളിൽ ആളുകൾ കൂടുന്നത്. അടുത്ത ദിനങ്ങളിൽ പ്രചാരണം വളരെ ശക്തമാകും. അതതു പാർട്ടികളുടെ ദേശീയ നേതാക്കളിൽ പലരും ജില്ലയിലെത്തുന്നുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്കു നീങ്ങുകയാണ്. ഇതിനായി ജീവനക്കാർ സജീവമായി കഴിഞ്ഞു. വോട്ടേഴ്സ് സ്ലിപ് ഇന്നു മുതൽ വീടുകളിലെത്തി തുടങ്ങും. വോട്ടർപട്ടിക കൈമാറാനുള്ള ജോലികൾ ഏറനാട് താലൂക്ക് ഓഫീസിൽ നടന്നുവരികയാണ്.
പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ് വരാണാധികാരിമാർക്കു ഇന്നു കൈമാറും. പേരും ഫോട്ടോയും അടങ്ങുന്ന വോട്ടേഴ്സ് സ്ലിപ് ഇന്നു മുതൽ അഞ്ചുവരെ വീടുകളിലെത്തിക്കും. ഇതിനു ബിഎൽഒമാർക്കു നാലു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തെരഞ്ഞെടുപ്പ് ക്ലാസും നടന്നുവരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചെലവ് നിരീക്ഷകനും ഇന്നലെ മലപ്പുറത്തെത്തി.
സ്ഥാനാർഥികളുടെ ചെലവു നിരീക്ഷിക്കുന്നതിനുള്ള എക്സ്പെൻഡിച്ചർ ഒബ്സർവർ ഉത്തരപ്രദേശ് സ്വദേശിയായ പുഷ്കൽ ഉപാധ്യായയാണ് ജില്ലയിലെത്തിത്. ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. (ഐഡിഎഎസ്) ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരുടെ യോഗം കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്നു ആവശ്യമായ നിർദേശങ്ങളും നൽകി. തെരഞ്ഞെടുപ്പിനുമുന്പ് മൂന്നു ഘട്ടങ്ങളിലായി സ്ഥാനാർഥികളുടെ പ്രതിദിന കണക്ക് പരിശോധിക്കും.
ഇന്നും നാളെയും കൂടാതെ ഏപ്രിൽ നാല്, അഞ്ച്, ഒന്പത്, 10 തിയതികളിലാണ് പരിശോധന നടത്തുക. സ്ഥാനാർഥികൾ പ്രതിദിന ചെലവു കണക്കുകൾ കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം. അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നു കളക്ടർ അമിത് മീണ നിർദേശം നൽകി.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾക്കും ഭിന്നതകൾക്കും വിദ്വേഷങ്ങൾക്കും വഴിവയ്ക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. മറ്റു രാഷ്ട്രീയപാർട്ടികളെ വിമർശിക്കുന്പോൾ അതു അവരുടെ നയങ്ങളിലും പരിപാടികളിലും പൂർവകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രം ഒതുക്കി നിർത്തേണ്ടതാണ്.
നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വാകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമർശിക്കാൻ ഇടവരരുത്.
അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങൾ ഉന്നയിക്കാനും പാടില്ല. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കരുത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. സമ്മതിദായകരെ ഭീഷണിപ്പെടുത്തുകയോ പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ എന്നിവയിൽ അയാളുടെ അനുവാദമില്ലാതെ പരസ്യമൊട്ടിക്കാനൊ കൊടിതോരണങ്ങൾ കെട്ടാനോ പാടില്ലാത്തതാണ്.
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങളൊരുക്കുന്നതിന് യോഗം നടത്തുന്ന സ്ഥലവും തീയതിയും സമയവും പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണം. യോഗ സ്ഥലത്ത് ബഹളമുണ്ടാക്കാനോ അലങ്കോലപ്പെടുത്താനോ പാടില്ലെന്നാണ് കർശന നിർദേശം.
പാർട്ടിയോ സ്ഥാനാർഥിയോ ജാഥ നടത്തുന്നുണ്ടെങ്കിൽ തീയതി, ജാഥ ആരംഭിക്കുന്ന സ്ഥലം, സമയം, കടന്നു പോകുന്ന സ്ഥലങ്ങൾ, അവസാനിക്കുന്ന സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഗതാഗത തടസമുണ്ടാക്കുന്നതരത്തിൽ ജാഥകൾ പാടില്ല. സംഘർഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ ജാഥകളും മറ്റു പ്രചാരണ പരിപാടികളും സംഘടിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രദ്ധിക്കണമെന്നാണ് നിർദേശം.