രഞ്ജിത് ജോണ്
പച്ചക്കടലിരന്പുന്ന മലപ്പുറത്ത് യുഡിഎഫിന് ആശങ്കകളില്ല. 2009ൽ മണ്ഡല പുനഃനിർണയം നടന്നപ്പോൾ നേരത്തെയുണ്ടായിരുന്ന മഞ്ചേരി മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളാണു മലപ്പുറത്തേക്കു വന്നത്. യുഡിഎഫിനു വലിയ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങൾ ചേർത്താണു മലപ്പുറം മണ്ഡലം രൂപീകരിച്ചത്. മലപ്പുറം മണ്ഡലത്തിൽ യുഡിഎഫിനു ലഭിക്കാറുള്ളത് ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ്.
കേരളത്തിൽത്തന്നെ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആദ്യസ്ഥാനത്തു നിൽക്കുന്ന മണ്ഡലമാണിത്. ഏകപക്ഷീയ മത്സരം മുസ്ലിം ലീഗ് ലക്ഷ്യംവയ്ക്കുന്പോൾ പ്രതിരോധത്തിനാവും സിപിഎം ശ്രമം. മണ്ഡലം മഞ്ചേരിയായിരുന്നപ്പോൾ ഒരുതവണ ടി.കെ.ഹംസയിലൂടെ നേടിയ വിജയം മാത്രമാണ് സിപിഎമ്മിന്റെ ഏകആശ്വാസം. പഴയ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നപ്പോൾ 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ മലപ്പുറം പ്രതിനിധിയായി ലോക്സഭയിൽ എത്തിയത് ലീഗ് നേതാവ് ബി.പോക്കറാണ്.
ഐക്യകേരളമാവുകയും മഞ്ചേരി മണ്ഡലം നിലവിൽവരുകയും ചെയ്തശേഷം 1957ലെ തെരഞ്ഞെടുപ്പിൽ പോക്കറിലൂടെ ലീഗ് വിജയം ആവർത്തിച്ചു. 1962ലും 67ലും 71ലും മഞ്ചേരിയെ പ്രതിനിധാനം ചെയ്തത് ലീഗ് സ്ഥാപക പ്രസിഡന്റ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിലാണ്. തുടർന്ന് 1977ലും 80, 84, 89 വർഷങ്ങളിലും ഇബ്രാഹിം സുലൈമാൻ സേട്ട് വൻഭൂരിപക്ഷത്തിൽ ജയിച്ചുകയറി.
1991, 1996, 1998, 1999 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം കൊയ്ത മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദ് 2004ൽ പൊന്നാനിയിലേക്കു മാറി. 2004ൽ പകരക്കാരനായ കെ.പി.എ.മജീദ്, ടി.കെ.ഹംസയ്ക്കു മുന്നിൽ പരാജയപ്പെട്ടു. മഞ്ചേരി, മലപ്പുറം മണ്ഡലമായി മാറിയപ്പോൾ 2009ലെ തെരഞ്ഞെടുപ്പിൽ ഇ.അഹമ്മദ്, ടി.കെ.ഹംസയെ ലക്ഷത്തിൽപ്പരം വോട്ടിന് പരാജയപ്പെടുത്തി. 2014ൽ ഇ.അഹമ്മദിന്റെ ഭൂരിപക്ഷം 1,94739. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017ലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,71,023.
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ലീഗ് കോട്ടകളാണ്. മുസ്ലിം ലീഗ് എംഎൽഎമാരുടെ മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളാണ് മുസ്ലിം ലീഗിന്റെ ബലം. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ വോട്ട് ചോർച്ചയിൽ ലീഗ് ജാഗ്രത പുലർത്തുന്നുണ്ട്. പ്രാദേശികതർക്കങ്ങൾ തീർത്ത് മുന്നണി ഐക്യം വീണ്ടെടുക്കാൻ ലീഗ്-കോണ്ഗ്രസ് ഉന്നതനേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു.
സാന്പത്തിക സംവരണവും മുത്തലാഖ് ബില്ലും മലപ്പുറത്ത് പ്രചാരണ വിഷയമാകും. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനമായും മലപ്പുറത്ത് ചർച്ചകളിൽ പ്രതിഫലിക്കുക. മണ്ഡലത്തിലെ വികസനനേട്ടങ്ങളും മുസ്ലിം ലീഗ് ഉയർത്തികാട്ടും. ഇത്തവണയും പി.കെ.കുഞ്ഞാലിക്കുട്ടിയെത്തന്നെ മുൻനിർത്തിയാണ് മുസ്ലിം ലീഗിന്റെ പടയൊരുക്കം.
ഡിവൈഎഫ്ഐ നേതാവ് എം.ബി. ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. റഷീദലി എന്നിവരുടെ പേരുകൾ സിപിഎം പരിഗണനയിലുണ്ട്. ജില്ലയിലെ ജനകീയ നേതാക്കൾ, സ്വതന്ത്രപരീക്ഷണങ്ങൾ, യുവ നേതാക്കൾ എന്നിവ കേന്ദ്രീകരിച്ചാണ് എൽഡിഎഫിന്റെ സ്ഥാനാർഥി ചർച്ചകൾ.
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താതിരുന്ന എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഇത്തവണ രംഗത്തുണ്ടാകും. എന്ഡിഎ സ്ഥാനാർഥിയെപ്പറ്റി ധാരണയായിട്ടില്ല.
വള്ളിക്കുന്നിൽ മാത്രമാണ് മണ്ഡലത്തിൽ ബിജെപിക്ക് അല്പമൊരു സ്വാധീനമുള്ളത്. ബിജെപിക്ക് 2009ൽ 36,016, 2014ൽ 64,705, 2016ൽ 73,447, 2017ൽ 65,675 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
ലോക്സഭാ വിജയികൾ 1980 മുതൽ
മലപ്പുറം ( വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം)
1980 – ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലിം ലീഗ് 34581
1984 – ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലിം ലീഗ് 71175
1989 – ഇബ്രാഹീം സുലൈമാൻ സേട്ട് മുസ്ലിം ലീഗ് 70282
1991 – ഇ. അഹമ്മദ് മുസ്ലിം ലീഗ് 89323
1996 – ഇ. അഹമ്മദ് മുസ്ലിം ലീഗ് 54971
1998 – ഇ. അഹമ്മദ് മുസ്ലിം ലീഗ് 106009
1999 – ഇ. അഹമ്മദ് മുസ്ലിം ലീഗ് 123411
2004 – ടി.കെ. ഹംസ സിപിഎം 47743
2009 – ഇ. അഹമ്മദ് മുസ്ലിം ലീഗ് 115597
2017ലെ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട്
പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് 5,15,330
എം.ബി. ഫൈസൽ സിപിഎം 3,44,307
എൻ.ശ്രീപ്രകാശ് ബിജെപി 65,675
ഭൂരിപക്ഷം: 1,71,023