സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ ജില്ലയാകാന്‍ ഒരുങ്ങി കോഴിക്കോട്. സിനിമാമേഖലയിലെ രണ്ട് പ്രമുഖരാണ് കോഴിക്കോട് ജില്ലയില്‍ നിന്നു ജനവിധിതേടുന്നത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന് രഞ്ജിത്തും ബാലുശേരിയില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയും സ്ഥാനാര്‍ഥികളാകുമെന്നാണ് സൂചന.
‘ഇതോടെ പ്രചാരണത്തിനു ജില്ലയില്‍ താരങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് വോട്ടര്‍മാര്‍.മൂന്നുതവണ മല്‍സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്നു പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ മുതല്‍ നോര്‍ത്തില്‍ എ. പ്രദീപ് കുമാറിനു പകരക്കാരെ തേടുകയായിരുന്നു സിപിഎം.
നേരത്തെതന്നെ സംവിധായകനും നടനുമായ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം താത്പര്യം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രദീപിക ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, പ്രവര്‍ത്തകരുടെ കൂടി വികാരം മാനിച്ചുമതി തീരുമാനം എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തി.
മലയാളത്തിലെ പ്രമുഖ സംവിധായകനെ സ്ഥാനാര്‍ഥിയാക്കുക വഴി കലാ സാംസ്കാരികരംഗത്തും പിടിമുറുക്കുക എന്ന ലക്ഷ്യം കൂടി പാര്‍ട്ടിക്കുണ്ട്.
സൂപ്പർ താരങ്ങൾ
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുള്പ്പെടെയുള്ളവരുമായും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുമായും വളരെ അടുപ്പം വച്ചുപുലര്‍ത്തുന്നയാളാണ് രഞ്ജിത്ത്. ഒപ്പം കോഴിക്കോട്ടെ കലാകാരന്മാരുടെ വിഷയങ്ങളില്‍ സജീവമായി അദ്ദേഹം ഇടപെടുകയും ചെയ്യാറുണ്ട്.
അദ്ദേഹം സ്ഥാനാര്‍ഥിയായാല്‍ കലാ-സാംസ്കാരിക സംഘടനകളുടെ പിന്തുണ സംസ്ഥാനത്തുടനീളം പാര്‍ട്ടിക്കു ലഭിക്കുമെന്നു സിപിഎം കരുതുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രചാരണത്തിന് എത്താനുള്ള സാധ്യതയും പാര്‍ട്ടി കാണുന്നുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനുവേണ്ടി സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രചാരണരംഗത്തെത്തിയിരുന്നു.
ഇത്തവണ രഞ്ജിത്തിനു വേണ്ടി മമ്മൂട്ടിയും പൃഥ്വിരാജും പ്രചാരണത്തിനെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സുരേഷ് കൃഷ്ണയും ബിജുമേനോനുമായും ഏറെ അടുപ്പം നിലനിര്‍ത്തുന്നതിനാല്‍ ഇവരും കോഴിക്കോട് നോര്‍ത്തില്‍ പ്രചാരണത്തിനിറങ്ങും.
ധർമജനും റെഡി
ബാലുശേരിയില്‍ ധര്മജന് മലത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സംവരണ മണ്ഡലത്തിലെ പ്രദേശികമായ എതിര്‍പ്പാണ് വിലങ്ങു തടിയായി മാറിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അതില്‍ കുറവുണ്ടായതായാണ് സൂചന.
അവസാന നിമിഷം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അട്ടിമറി ഉണ്ടായില്ലെങ്കില്‍ ധര്മജന് തന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. സ്ഥാനാര്‍ഥിയാകാന്‍ തയാറാണെന്ന് നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ച ധര്മജന് മണ്ഡലം ഏതെന്നു പാര്‍ട്ടി തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ധര്‍മജനു വേണ്ടി രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങും. ധര്മജനുമായും ബിജുമോനോന് സൗഹൃദം പുലര്‍ത്തുന്നുണ്ട്. അതിനാല്‍ ധര്മജന് മത്സരിക്കുന്ന മണ്ഡലത്തിലും അദ്ദേഹം പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം.