ഹൈദരാബാദ്: തെലങ്കാനയിൽ തത്സമയം സംപ്രേഷണംചെയ്ത ടെലിവിഷൻ തെരഞ്ഞെടുപ്പു സംവാദത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ കൈയാങ്കളി.
ഭൂമി കൈയേറിയെന്ന ആരോപണത്തിൽ പ്രകോപിതനായ ബിആർഎസ് എംഎൽഎയും സ്ഥാനാർഥിയുമായ കെ.പി. വിവേകാനന്ദ, ബിജെപി സ്ഥാനാർഥി കുന ശ്രീശൈലം ഗൗഡിന്റെ മുഖത്തടിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു.
കുത്ബുല്ലാപുർ നിയമസഭാമണ്ഡലത്തിലെ സ്ഥാനാർഥികളാണ് വിവേകാനന്ദയും കുനയും. വിവേകാനന്ദയ്ക്കെതിരേ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
‘നിങ്ങൾ ഒരു ഭൂമി കൈയേറ്റക്കാരനാണ്’ -വിവേകാനന്ദ ബിജെപിസ്ഥാനാർഥിക്കെതിരേ ആരോപണമുന്നയിച്ചു. എന്നാൽ വിവേകാനന്ദയാണ് ഭൂമി കൈയേറിയതെന്നും തെളിവു ഹാജരാക്കാമെന്നും കുന ശ്രീശൈലം തിരിച്ചടിച്ചു.
ഇതുകേട്ടതോടെ രോഷാകുലനായ വിവേകാനന്ദ ശ്രീശൈലത്തിനടുത്തേക്ക് കുതിച്ചെത്തി മുഖത്തടിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയുമായിരുന്നു. ശ്രീശൈലവും വിട്ടുകൊടുത്തില്ല.
നേതാക്കളുടെ അടി കണ്ടതോടെ വേദിക്കുപുറത്തുള്ള അനുയായികളും അക്രമാസക്തരായി. പരസ്പരം കസേരകൾ വലിച്ചെറിഞ്ഞുകൊണ്ടാണ് ഏറ്റുമുട്ടിയത്. കുതിച്ചെത്തിയ പോലീസ് ഏറെ പണിപ്പെട്ട് ഇരുകൂട്ടരെയും തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കി.