സ്വന്തം ലേഖകൻ
തൃശൂർ: ചുമരെഴുത്തില്ലാതെ എന്തു തെരഞ്ഞെടുപ്പ്….കോവിഡ് കാലമായാലും ഡിജിറ്റൽ പ്രചരണമായാലും ചുമരെഴുത്തില്ലാതെ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാറില്ല.
ഏതു തെരഞ്ഞെടുപ്പായാലും തൃക്കൂരിലെ ഈ ദന്പതികളെ തേടി രാഷ്ട്രീയപാർട്ടികളെത്തും. കഴിഞ്ഞ 15 വർഷമായി ചുമരെഴുത്തിൽ സ്പെഷ്യലൈസ് ചെയ്ത ദന്പതികളാണ് തൃക്കൂർ സ്വദേശി സജീവനും മിനിയും.
ഇക്കുറിയും ഇവർ ചുമരെഴുത്തിന്റെ തിരക്കിലാണ്. ഒന്നര പതിറ്റാണ്ടിലേറെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി ഇവർ ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.
കൈപ്പത്തിയായാലും താമരയായാലും അരിവാൾ ചുറ്റിക നക്ഷത്രമായാലും ഏതും ഇവർ ചുമരിൽ മനോഹരമായി വരയ്ക്കും. തൃക്കൂരിലേയും പുത്തൂരിലേയുമൊക്കെ സ്ഥാനാർഥികൾക്കായി ഇവർ ചുമരെഴുതിക്കഴിഞ്ഞു.
തൃക്കൂർ പഞ്ചായത്തിൽ സ്ഥാനാർഥിയായി നിന്ന് രണ്ടു തവണ വിജയിച്ച് പഞ്ചായത്തംഗമായിട്ടുണ്ട് സജീവൻ.കോവിഡ് കാലമായതിനാൽ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാലും അവർക്ക് നൽകേണ്ട കൂലിയുമെല്ലാം നോക്കുന്പോൾ മറ്റാരേയും ആശ്രയിക്കാതെ തങ്ങൾ തന്നെ വരയ്ക്കാനിറങ്ങുകയാണ് ഭേദമെന്ന് ഈ ആർട്ടിസ്റ്റ് ദന്പതികൾ പറയുന്നു.