ജയ്സണ് ജോയ്
പതിനൊന്നുതവണ കോണ്ഗ്രസിനെ തുണച്ച മണ്ഡലമാണ് മാവേലിക്കര. വന്പന്മാർ ജയിച്ചുകയറിയതും തോറ്റതുമായ ചരിത്രം കൂടി മാവേലിക്കരയ്ക്കുണ്ട്. 1951ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയെന്ന മണ്ഡലമില്ല. അന്നത്തെ തിരുവല്ല മണ്ഡലമാണ് 1962ൽ മാവേലിക്കര മണ്ഡലമായത്.
മാവേലിക്കരയിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച പി.ജെ. കുര്യന്റെ കന്നിപ്പോരാട്ടമായിരുന്നു 1980ൽ. 1984ൽ ജനതാപാർട്ടിയുടെ അപ്രതീക്ഷിത വിജയത്തിനും മാവേലിക്കര സാക്ഷിയായി. അന്ന് തന്പാൻ തോമസ് പരാജയപ്പെടുത്തിയത് (എൻഡിപി) നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ ടി.എൻ. ഉപേന്ദ്രനാഥക്കുറിപ്പിനെയാണ്. 1989ൽ പി.ജെ. കുര്യൻ മണ്ഡലത്തിലേക്കു തിരികെയെത്തി.
പിന്നീടുള്ള നാലു തെരഞ്ഞെടുപ്പുകളിൽ കോണ്ഗ്രസ് സാരഥിയായ കുര്യൻ മാവേലിക്കരയിൽ പരാജയം എന്തെന്നറിഞ്ഞിട്ടില്ല. 89ൽ ജനതാപാർട്ടിയുടെ തന്പാൻ തോമസിനെയും 91ലും 96ലും സിപിഎമ്മിന്റെ സുരേഷ് കുറുപ്പിനെയും, എം.ആർ. ഗോപാലകൃഷ്ണനെയും 98 ൽ ഇടതുസ്വതന്ത്രൻ നൈനാൻ കോശിയേയും പരാജയപ്പെടുത്തി.
പിന്നീട് 1999ൽ നാട്ടുകാരനായ രമേശ് ചെന്നിത്തലയെ ഇറക്കി കോണ്ഗ്രസ് മണ്ഡലം കാത്തു. പക്ഷെ 2004 ൽ സി.എസ്. സുജാതയെ രമേശ് ചെന്നിത്തലയ്ക്കെതിരായി സിപിഎം ഇറക്കി. മണ്ഡലത്തിൽ ആദ്യമായി സുജാത ചെങ്കൊടി പാറിച്ചു. പിന്നീട് 2009 സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയെ പ്രതിനിധീകരിച്ചു പോരുന്നത് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിൽ സുരേഷാണ്.
2009 ൽ സിപിഐയുടെ ആർ.എസ്. അനിലിനെയും 2014ൽ സിപിഐയിലെ തന്നെ ചെങ്ങറ സുരേന്ദ്രനെയുമാണ് കൊടിക്കുന്നിൽ പരാജയപ്പെടുത്തിയത്. ആലപ്പുഴയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും( കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ), കൊല്ലം ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളും (പത്തനാപുരം, കൊട്ടാരക്കര, കൂന്നത്തൂർ) കോട്ടയം ജില്ലയിലെ ചങ്ങനാശേരി മണ്ഡലവും അടങ്ങുന്നതാണ് മാവേലിക്കര മണ്ഡലം.
മാവേലിക്കരയിൽ ഇത്തവണയും കൊടിക്കുന്നിൽ സുരേഷ് സീറ്റുറപ്പിച്ചുകഴിഞ്ഞു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിലിന്റെ ജനകീയത വോട്ടാക്കി മണ്ഡലം നിലനിർത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്ഗ്രസ്.
കേരള കോണ്ഗ്രസ്-ബിയുടെ മുന്നണി പ്രവേശനം മാവേലിക്കരയിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പത്തനാപുരത്തും കൊട്ടാരക്കരയിലും കേരള കോണ്ഗ്രസ് ബിക്ക് നിർണായകമായ സ്വാധീനമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴുമണ്ഡലങ്ങളിൽ ആറിടത്തും ഇടതിനായിരുന്നു ജയമെന്നതും എൽഡിഎഫിനു ആത്മവിശ്വസം പകരുന്നുണ്ട്. ഇടതുമുന്നണിയിൽ സിപിഐക്കാണ് മാവേലിക്കര സീറ്റ്. കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനായിരുന്നു സ്ഥാനാർഥി. ചിറ്റയം ഗോപകുമാർ എംഎൽഎയാണ് ഇക്കുറി പരിഗണനയിലുള്ള സിപിഐ സ്ഥാനാർഥി.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുണ്കുമാറാണ് പാർട്ടി പരിഗണിക്കുന്ന പുതുമുഖങ്ങളിൽ പ്രമുഖൻ. വനിതയെ പരിഗണിച്ചാൽ ആനി രാജ – ഡി. രാജ ദന്പതികളുടെ മകൾ അപരാജിത രാജയ്ക്കായിരിക്കും മുൻഗണന. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാർ ഇടതു സ്ഥാനാർഥിയായി മത്സരിച്ചാൽ ബിഡിജെഎസ് സ്ഥാനാർഥിയായി കെപിഎംഎസ് നേതാവ് ടി.വി. ബാബുവിനെ രംഗത്തിറക്കുമെന്നും സൂചനകളുണ്ട്. എൻഡിഎയിൽ നിന്നും പി.എം. വേലായുധൻ, കഴിഞ്ഞതവണ മത്സരിച്ച പി. സുധീർ തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്.
2014ൽ പ്രധാന സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട്
കൊടിക്കുന്നിൽ സുരേഷ് കോണ്ഗ്രസ് 4,02,432
ചെങ്ങറ സുരേന്ദ്രൻ സിപിഐ 3,69,695
പി. സുധീർ ബിജെപി 79,743
ഭൂരിപക്ഷം: 32,737
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭ തെരഞ്ഞെടുപ്പ്
എന്ന ക്രമത്തിൽ
2014 2016
ചങ്ങനാശേരി
UDF 52020 50371
LDF 41624 48522
NDA 9239 21455
കുട്ടനാട്
UDF 51703 45223
LDF 50508 50114
NDA 8739 33044
മാവേലിക്കര
UDF 54883 43013
LDF 61350 74555
NDA 13067 30929
ചെങ്ങന്നൂർ
UDF 55769 44897 (ഉപതെര.2018) 46347
LDF 47951 52880 (ഉപതെര.2018) 67303
NDA 15716 42682 (ഉപതെര.2018) 35270
കുന്നത്തൂർ
UDF 63686 55196
LDF 63599 75725
NDA 11902 21742
കൊട്ടാരക്കര
UDF 61444 40811
LDF 56799 83443
NDA 11785 24062
പത്തനാപുരം
UDF 61980 49867
LDF 47061 74429
NDA 9218 11700