മാവേലിക്കര: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മാവേലിക്കര ഒമ്പത്- ഒമ്പത്- ഒമ്പത് എന്ന സംഖ്യയിലൂടെ ത്രിശങ്കുവിലായപ്പോള്‍ സ്വതന്ത്രനുവേണ്ടി പരക്കം പാച്ചില്‍ തുടരുകയാണ് മുന്നണികള്‍. സ്വതന്ത്രനായ വി.കെ. ശ്രീകുമാറിന് നിരവധി ഓഫറുകളാണ് മുന്നണികള്‍ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
മന്ത്രി ജി.സുധാകരനെ പോലും തള്ളിയാണ് സിപിഎം ജില്ലാ നേതൃത്വം ശ്രീകുമാറിനായി മുന്നോട്ടു വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഒരു വര്‍ഷം ചെയര്മാന് സ്ഥാനം,
പാര്‍ട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുക്കല്‍, മേല്‍ക്കമ്മിറ്റിയിലേക്ക് സ്ഥാനകയറ്റം എന്നിവയാണ് ജില്ലാ കമ്മറ്റിയില്‍ നിന്നു ശ്രീകുമാറിന്റെ അടുത്ത് ചര്‍ച്ചയ്ക്കായി എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീകുമാറിനെ അറിയിച്ചിരുക്കുന്നത്.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മൂന്ന് വര്‍ഷത്തെ ചെയര്മാന് സ്ഥാനമാണ് ശ്രീകുമാറിന് മുമ്പിൽ ഓഫറായി വെച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വം ആകട്ടെ അഞ്ച് വര്‍ഷവും ചെയര്മാന് സ്ഥാനത്ത് തുടരാമെന്ന ഓഫറും നല്‍കിയിട്ടുണ്ട്.
നിലവില്‍ ഈ വാഗ്ദാനങ്ങളോടൊന്നും വ്യക്തമായ ഒരു പ്രതികരണം ശ്രീകുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശ്രീകുമാറും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് അറിയാന്‍ സാധിക്കുന്നത്.
എന്നാല്‍ നാളെ തീരുമാനം ഉണ്ടാകുമെന്നും പറയപ്പെടുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനൊപ്പം എല്‍ഡിഎഫ് റിബലായി നിന്ന് മത്സരിക്കാന്‍ സഹായിച്ചതും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണ്.
ആയതുകൊണ്ട് തന്നെ സിപിഎമ്മിന്റെ വാഗ്ദാനങ്ങള്‍ക്കു മുമ്പിൽ ശ്രീകുമാര്‍ വഴങ്ങാന്‍ സാധ്യതയുണ്ടെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് വിവരമുണ്ട്.