നാദാപുരം: ലോക് സഭാ തിരഞ്ഞെടുപ്പിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ബൂത്തുകളിൽ ജില്ലാ കളക്ടറും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. വളയം കണ്ടി വാതുക്കൽ ഗവ വെൽഫയർ സ്ക്കൂൾ, വിലങ്ങാട് സെന്റ് ജോർജ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടർ എസ്.സാംബശിവറാവു, ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, ആന്റി നക്സൽ സ്ക്വാഡിലെ അംഗങ്ങൾ എന്നിവർ സന്ദർശനം നടത്തിയത്.
കണ്ണൂർ ജില്ലയിലെ കണ്ണവം വന മേഖലയോട് ചേർന്ന് കിടക്കുന്ന കണ്ടി വാതുക്കൽ സ്ക്കൂൾ മാവോയിസ്റ്റ് ഭീഷണി നില നിൽക്കുന്ന പ്രദേശമാണ്.സ്കൂളിൽ ഒരു ബൂത്ത് മാത്രമാണ് ഉള്ളത്. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്ക്കൂളിലെ നാല് ബൂത്തുകളും മാവോവാദി ഭീഷണി നിലനിൽക്കുന്ന ബൂത്തുകളാണ്.
കണ്ടി വാതുക്കൽ ഉൾപെടെയുള്ള അഞ്ച് ബൂത്തുകളിലും തിരഞ്ഞെടുപ്പ് സുരക്ഷക്കായി തണ്ടർ ബോൾട്ടിനെയും, ഇന്തോ ടിബറ്റർ ബോർഡർ പോലീസ് സേനാംഗങ്ങളെയും നിയോഗിക്കുമെന്ന് എസ് പി പറഞ്ഞു. പല തവണ മേഖലയിലെ പലയിടങ്ങളിൽ മാവോയിസ്റ്റുകളുടെ സാ ന്നിധ്യം സ്ഥിതീകരിച്ചു. യുഎപിഎ വകുപ്പുകൾ ചേർത്ത് പിടികിട്ടാ പുള്ളികളായ മാവോയിസ്റ്റുകൾക്കെതിരെ പോലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.