പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. ഇത്തരം സംഭവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന് തടസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പാലത്ത് എം.ബി. രാജേഷ് പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍നിന്നാണ് വടിവാള്‍ നിലത്തുവീണത്. ബൈക്കുകള്‍ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡില്‍ വീഴുകയും അതില്‍നിന്ന് വടിവാള്‍ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. ഉടനേ മറ്റു വാഹനങ്ങള്വന്ന് വളഞ്ഞുനില്‍ക്കുകയും തുടര്‍ന്ന് വടിവാളെടുത്ത് പോകുകയുമായിരുന്നു.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം അക്രമം നടത്തുന്നതിന്റെ തെളിവാണിതെന്നായിരുന്നു കോണ്‍ഗ്രസ്, ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ വിശദീകരണം.