ന്യൂഡൽഹി: യുപിഎ ചെയർപേഴ്സണ്‍ സോണിയാ ഗാന്ധിക്കെതിരെ മീനാക്ഷി ലേഖി ബിജെപി സ്ഥാനാർഥിയാകും. ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടേക്കുമെന്നാണു സൂചന. നിലവിൽ എംപിയായ ലേഖി, ബിജെപിയുടെ ദേശീയ വക്താവും സുപ്രീംകോടതി അഭിഭാഷകയുമാണ്.
2014-ൽ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും കോണ്‍ഗ്രസിന് ഉത്തർപ്രദേശിൽ റായ്ബറേലിയും അമേഠിയും നിലനിർത്താൻ കഴിഞ്ഞിരുന്നു. റായ്ബറേലിയിൽ മൂന്നരലക്ഷത്തിലധികം വോട്ടികളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി അന്നു വിജയിച്ചത്. ഇത്തവണ രാഹുൽ ഗാന്ധിയുടെ അമേഠിയും റായ്ബറേലിയും പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി.
അമേഠിയിൽ ഇത്തവണയും സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബിജെപി മത്സരിപ്പിക്കുന്നത്. 2014-ൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്.