തലശേരി: ശബ്ദലോകത്തു വിപ്ലവങ്ങൾ സൃഷടിച്ച് ആധുനിക സാങ്കേതികവിദ്യകൾ മുന്നേറുമ്പോൾ പഴയകാല പ്രതാപവുമാ മെഗാഫോൺ തിരിച്ചെത്തുന്നു. പതിവിനു വിപരീതമായി ഹൈടെക് ശബ്ദസംവിധാനങ്ങളിൽ നിന്ന് അല്പം മാറി പഴമയിലേക്കുള്ള തിരിച്ചു പോക്കാണു മെഗാഫോണിലൂടെയുള്ള തെരത്തെടുപ്പ് പ്രചാരണത്തിലൂടെ രാഷ്ട്രീയപ്രവർത്തകർ ഇത്തവണ തയാറായിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിനകം തന്നെ മെഗാഫോണ്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
പഴമയുടെ പ്രതീകമായ മെഗാഫോണിനെ പുതുമയോടെ അവതരിപ്പിച്ചു തലശേരി പഴയബസ്സ്റ്റാൻഡിലെ സാജിദ ഇന്റസ്ട്രീസ് ഉടമ എം.പി. സെമീര്‍ ശ്രദ്ധേയനായി കഴിഞ്ഞു. സിപി എം ലോക്കൽ കമ്മിറ്റി അംഗവും പഴയ ബസ് സ്റ്റാൻഡ് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാസെക്രട്ടറി സ്ഥാനവും ഉൾപ്പെടെ രാഷ്ട്രീയ പ്രവർത്തനരംഗത്തു സജീവമായ സെമീറിനു മെഗാഫോൺ നിർമാണത്തിലും വിപണനത്തിലും രാഷ്ട്രീയമില്ല.
ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നു മെഗാഫോൺ തേടി വിവിധ രാഷട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ എത്താറുണ്ടെന്നു സമീർ പറഞ്ഞു. ഒരുകാലത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവിഭാജ്യഘടകമായിരുന്നു മെഗാഫോണ്‍ വീണ്ടും തിരിച്ചെത്തിയതിൽ പഴമക്കാർക്കാണു സന്തോഷം കൂടുതൽ.
ഓരോ ബൂത്തിലും ഓരോ മെഗാഫോണെങ്കിലുമുണ്ടായ കാലമുണ്ടായിരുന്നു. മൈക്ക് സെറ്റ് എത്തിയതോടെ മെഗാഫോണുകള്ക്കു സ്ഥാനം നഷ്ടപ്പെട്ടു. പഴയകാല പാർട്ടി ഓഫീസുകളുടെ മൂലയിൽ തുരുമ്പിച്ച മെഗാഫോണുകള്‍ ഇന്നും കാണാം.
ഒരുകാലത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ടിന്മേക്കര്മാരെ തേടി രാഷ്ട്രീയപാര്‍ട്ടിക്കാരുടെ തിരക്കായിരുന്നു. ശബ്ദസംവിധാനം ഹൈടെക്കായതോടെ മെഗാഫോണും തെരഞ്ഞെടുപ്പ്രംഗം വിടുകയായിരുന്നു വെളിച്ചെണ്ണ ടിന്നുകളാണ് അന്നു മെഗാഫോണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്. 14 ഇഞ്ച് നീളത്തിലും 12 ഇഞ്ച് വീതിയിലും 18 ഇഞ്ച് നീളത്തിലും 20 ഇഞ്ച് വീതിയിലും ടിന്മുറിച്ചു നാളംപോലെയാണു മെഗാഫോണ്‍ നിര്‍മാണം.
കോഡ്ലെസ് മൈക്കടക്കം ശബ്ദരംഗത്ത് എത്തുമ്പോള്‍ മെഗാഫോണിലേക്കുള്ള മാറ്റം പ്രചാരണത്തിനും കൗതുകം പകരും. കൂത്തുപറമ്പ്, മട്ടന്നൂര്‍, അഞ്ചരക്കണ്ടി എന്നിവിടങ്ങളില്‍ നിന്നാണു മെഗാഫോണിന് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്നു സമീർ പറഞ്ഞു.
മട്ടന്നൂരിലേക്കു പത്തെണ്ണമാണ് ആദ്യം കൊണ്ടുപോയത്. സിങ്ക്ഷീറ്റ് മുറിച്ചാണ് ഇപ്പോള്‍ നിര്‍മാണം.
പിടിയോടെയുള്ള മെഗാഫോണിന്റെ ശബ്ദം വിജനതയില്‍ വിദൂരങ്ങളിലടക്കം കേള്‍ക്കും. രാത്രികാലത്തു പ്രകടനത്തിനു മെഗാഫോണ്‍ ഉപയോഗിക്കാമെന്നു പ്രവര്‍ത്തകരും പറയുന്നു.