മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടർമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർഥിച്ചത് പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ. ജില്ലാ ഓഫീസർ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോജിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ തുടർ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ നേരത്തെ വിശദീകരണം തേടിയിരുന്നു. സൈനികരുടെ പേരിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്തു രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരാനായിരുന്നു കന്നി വോട്ടർമാരോടു പ്രധാനമന്ത്രിയുടെ ആഹ്വാനം.