നിയാസ് മുസ്തഫ
കോട്ടയം: തിരുവനന്തപുരം മാത്രമല്ല, നിരവധി മണ്ഡങ്ങളിൽ ബിജെപി ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ. കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നും ഏറ്റവും പുതിയ അഭിപ്രായ സർവേ പുറത്തുവന്ന സാഹചര്യത്തിലാണ് എംഎസ് കുമാർ രാഷ്ട്രദീപികയോട് പ്രതികരിച്ചത്.
2കോടി 40ലക്ഷം വോട്ടർമാർ കേരളത്തിലുണ്ട്. ഒരു മണ്ഡലത്തിൽ ആയിരമോ അയ്യായിരമോ വോട്ടർമാരോട് പോയി ചോദിച്ചിട്ട് സർവേ നടത്തിയാൽ അതെങ്ങനെ ശരിയാകും. ആകെ വോട്ടർമാരുടെ ഒരു ശതമാനത്തെപ്പോലും സർവേ നടത്തുന്നവർ സമീപിക്കുന്നില്ല. അഭിപ്രായ സർവേകളുടെ മാനദണ്ഡം എന്താണ്? അഭിപ്രായ സർവേ നടത്തുന്നവരുടെ ഒൗദാര്യം ബിജെപിക്കുവേണ്ട. നിലവിലെ സർവേകളിൽ ഒരു അടിസ്ഥാനവുമില്ല.
ഈ തെരഞ്ഞെടുപ്പ് അടിമുടി ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന തെരഞ്ഞെടുപ്പാണ്. തിരുവനന്തപുരം മാത്രമല്ല, നിരവധി മണ്ഡലങ്ങളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. സർവേകളെ ആശ്രയിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ദേശീയ തലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ ബിജെപിക്കും മുന്നണിക്കും ലഭിക്കും.
ദേശീയതലത്തിൽ മോദിക്ക് പകരക്കാരനായി ഒരു എതിരാളി പോലും വന്നിട്ടില്ല. പ്രതിപക്ഷ കക്ഷികൾക്ക് യോജിച്ച പ്രകടന പത്രിക പോലുമില്ല. അവരുടെ നയം അവർ വ്യക്തമാക്കുന്നില്ല. അധികാരത്തിൽ വന്നാൽ പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി ആരെന്നുപോലും അവർക്ക് പറയാനാവുന്നില്ല. കേരളവും മറ്റു സംസ്ഥാനങ്ങളെ പോലെ ബിജെപിക്ക് അനുകൂലമായി വരുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ-എംഎസ് കുമാർ പറയുന്നു.
അതേസമയം, തിരുവനന്തപുരത്ത് ശശി തരൂർ മികച്ച വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രാഷ്ട്രദീപികയോട് പറഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തിൽ എൽഡിഎഫ് വളരെ പിന്നോക്കം പോകും. ദേശീയ തെരഞ്ഞെടുപ്പായതിനാൽ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമാണ്. ശബരിമല വിഷയത്തിലെ എതിർപ്പുമൂലം ഹൈന്ദവ വോട്ടുകളും എൽഡിഎഫിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.