കായംകുളം: കനത്തമഴയ്ക്കിടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ തീപ്പൊരി പ്രസംഗവുമായി നടനും എംഎൽഎ യുമായ മുകേഷ് പ്രവർത്തകർക്ക് ആവേശമായി. ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മുകേഷ് ഇന്നലെ കായംകുളത്തെത്തിയത്.
സമ്മേളനം ആരംഭിച്ചപ്പോൾ മഴ പെയ്യാൻ തുടങ്ങി. ഇതിനിടയിൽ സ്ഥാനാർഥി ആരിഫ് വേദിയിലെത്തി. അൽപ സമയത്തിനുള്ളിൽ മഴ തകർത്തുപെയ്തു. എന്നാൽ മഴയെ അവഗണിച്ച് മുകേഷ് പ്രസംഗം ആരംഭിച്ചതോടെ പ്രവർത്തകർ ആവേശഭരിതരായി. പ്രവർത്തകരിൽ ഒരാൾ മുകേഷിന് പിന്നിൽ നിന്ന് കുട പിടിച്ചു നൽകി.
ആൾക്കാരെ വെയിലത്തും മഴയത്തും നിർത്തി പ്രസംഗിക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ അധികം പ്രസംഗിക്കില്ലെന്നും പറഞ്ഞ് മുകേഷ് പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സദസ്സിൽ മഴക്കൊപ്പം നിറഞ്ഞ കയ്യടി.
അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അതിനാൽ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണെന്നും മുകേഷ് പറഞ്ഞു. ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് വരെ അധികാരത്തിൽ ഇരിക്കുന്നവർ പറയുന്നത് നാം ഗൗരവത്തോടെ കാണണം.
യുഡിഎഫും, ബിജെപിയും കല്ലുവെച്ച നുണകൾ പ്രചരിപ്പിക്കുകയാണ്. എൽഡിഎഫ് ആകട്ടെ ഇതിനെ സത്യം പറഞ്ഞ് നേരിടുകയാണ്. അതിനാൽ സത്യവും നുണപ്രചാരണവും തമ്മിലുള്ള പോരാട്ടം കൂടിയാണിത്. ആരിഫിനോട് തോൽക്കുമെന്ന് ദൃഢ നിശ്ചയം ഉള്ളതുകൊണ്ടാണ് കെ.സി. വേണുഗോപാൽ മത്സരിക്കാതിരുന്നതെന്നും മുകേഷ് പറഞ്ഞു.