തിരുവനന്തപുരം: മറ്റ് മണ്ഡലത്തിലെ ചില സ്ത്രീകൾ തനിക്കെതിരെ പ്രചാരണവുമായി എത്തുന്നുവെന്ന ആരോപണവുമായി കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിനിമാ താരവുമായ മുകേഷ്.
തീരമേഖലയിൽ ഇവർ തനിക്കെതിരെ പ്രചാരണം നടത്തുവെന്നും മുകേഷ് ആരോപിക്കുന്നു.ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്ന് വാർത്തകൾ ഉയർന്ന സമയത്ത് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയുമായി കൊല്ലം ഡിസിസി ഓഫീസിൽ എത്തിയ വനിതകൾ എംഎൽഎയായ മുകേഷിനെ വിമർശിച്ചിരുന്നു.
കൊല്ലം മണ്ഡലത്തിൽ മുകേഷിനെ കാണാനേയില്ലന്നായിരുന്നു ഇവരുടെ ആരോപണം. ഇതിനെത്തുടർന്നാണ് മുകേഷ് ഫേസ്ബുക്കിൽ മറുപടിയുമായെത്തിയത്.
മത്സ്യത്തൊഴിലാളികൾക്ക് ഒരു രക്ഷയും ഇല്ല എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീ കൊല്ലം മണ്ഡലത്തിലെ വോട്ടർ അല്ല ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കലാണ് വോട്ട്. അവർ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. ഇവരുടെ സഹോദരിയാണ് മറ്റൊരാൾ.
അവർ ചവറ മണ്ഡലത്തിലെ വോട്ടറാണ്. അവരും മഹിളാ കോൺഗ്രസ് നേതാവാണ്. ഇരുവരെയും ഉപയോഗിച്ച് ഉഡായിപ്പ് ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കുകയാണെന്ന്-ഫേസ്ബുക്ക് പോസ്റ്റിൽ മുകേഷ് പറയുന്നു.
അതേസമയം വിമർശനമുന്നയിക്കുന്ന വനിതകളെ എംഎൽഎ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നതിന് പകരം അവരുന്നയിക്കുന്ന കാര്യങ്ങള്‍ക്ക് എംഎല്‍എ മറുപടി പറയണമെന്നും യുഡിഎഫ് പ്രതികരിച്ചു.