കടുത്തുരുത്തി: വാഹനം എത്താത്തതുമൂലം ബോട്ടില്‍ പുഴ കടന്ന് പോളിംഗ് ബൂത്തില്‍ വോട്ടെട്ടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്ന വൈക്കം മണ്ഡലത്തിലെ ഏക ബൂത്താണ് മുണ്ടാര്‍. മുന്‍കാലങ്ങളില്‍ കല്ലറ മുണ്ടാറില്‍ ജനാധിപത്യം പുഴ കടന്നിരുന്നത് തോണിയിലായിരുന്നു. എന്നാല്‍ ഇക്കുറി മുണ്ടാറിലെ ബൂത്തില്‍ വോട്ടെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെത്തുക ഹൗസ് ബോട്ടില്‍.
മുണ്ടാറിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീനടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിക്കുന്നത് ഹൗസ് ബോട്ടിലാണ്. 26ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മുണ്ടാര്‍ 48-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ ബൂത്തിലേക്ക് പോളിംഗ് സാമഗ്രികളുമായി ഹൗസ് ബോട്ടിലാണ് ഉദ്യോഗസ്ഥരെത്തുക.
26ന് പോളിംഗ് അവസാനിച്ചു കഴിഞ്ഞാലും രേഖപ്പെടുത്തിയ രാജാധികാരവുമായി തിരികെ പോരുന്നതും ഹൗസ് ബോട്ടില്‍ തന്നെയാണ്. ജില്ലാ വരണാധികാരിയായ കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തോണിക്ക് പകരം ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലാക്കിയത്. 25ന് ഉച്ചയ്ക്ക് എഴുമാന്തുരുത്ത് ബോട്ട് ജെട്ടിയില്‍നിന്നു പോളിംഗ് സാമഗ്രികളുമായി എഴുമാം കായലിലൂടെ അഞ്ച് മിനിറ്റോളം ഹൗസ് ബോട്ടില്‍ സഞ്ചരിച്ചാകും ഉദ്യോഗസ്ഥര്‍ ബൂത്തിലെത്തുക.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ വരണാധികാരി വി.വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്, വൈക്കം തഹസില്‍ദാര്‍ കെ.ആര്. മനോജ്, വൈക്കം എആര്‍ഒ സൂസമ്മ ജോര്‍ജ്, മറ്റ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ബൂത്തിലെത്തിയിരുന്നു. മുണ്ടാറുകാര് ആദ്യം കല്ലറയിലാണ് വോട്ട് ചെയ്തിരുന്നത്. പിന്നീടത് മുണ്ടാറിലെ സൊസൈറ്റിയിലേക്ക് മാറ്റിയിരുന്നു. രണ്ടര പതിറ്റാണ്ട് മുമ്പ് പാറേല്‍ കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ പോളിംഗ് ബൂത്ത് ആരംഭിച്ചു.
കമ്യൂണിറ്റി ഹാള്‍ ശോച്യാവസ്ഥയിലായതോടെയാണ് തൊട്ടടുത്തുള്ള അങ്കണവാടിയിലേക്ക് ഇത്തവണ ബൂത്ത് മാറ്റിയത്. 968 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 491 പുരുഷന്മാരും 477 സ്ത്രീകളും. പുറംലോകവുമായി ബന്ധപ്പെടാന്‍ പാലം എന്ന ഇവിടത്തുകാരുടെ സ്വപ്നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
എഴുമാന്തുരുത്തിലെ കൊല്കരിയെയും മുണ്ടാറിലെ പാറേല്‍ കോളനിയെയും തമ്മില്‍ ബന്ധിപ്പിച്ചു എഴുമാം കായലിനു കുറുകേ പാലത്തിന്റെ പണികള്‍ ആരംഭിച്ചെങ്കിലും പലവിധ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണം പാതിവഴി പോലുമെത്തും മുമ്പേ നിലച്ചിരിക്കുകയാണ്.