സ്വന്തം ലേഖകന്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കേ അവസാന അടവും പയറ്റാന് മുന്നണികള്. സിപിഎം വീടുകള് കയറിയുള്ള പ്രചാരണം ആരംഭിച്ചപ്പോള് സ്വന്തം തട്ടകത്തിലെ കാലുവാരല് നടപടികള് തടയാന് കോണ്ഗ്രസും പണിതുടങ്ങി.
ഹൈക്കമാന്ഡ് നിയോഗിച്ച സംഘമാണ് കാലുവാരല് നടക്കാന് സാധ്യതയുള്ള മണ്ഡലങ്ങളില് നിരീക്ഷണത്തിനായി സംഘങ്ങളെ നിയോഗിച്ചത്.
മുന്നണികൾ ഉഷാർ
അടുത്ത ഒരാഴ്ച മുഴുവന് സമയ പ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകാനും വിജയസാധ്യതയുള്ള മണ്ഡലങ്ങളില് കൂടുതല് പ്രവര്ത്തകരെ എത്തിച്ച് കൊട്ടിക്കലാശം അടിപൊളിയാക്കാനും ബിജെപിയും ലക്ഷ്യമിടുന്നു.
ദിവസങ്ങള്ക്ക് മുന്പ് ചേര്ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാന പ്രകാരമാണ് വീടുകള് കയറിയുള്ള പ്രചാരണത്തിന് സിപിഎം നേതാക്കള് തന്നെ മുന്നിട്ടിറങ്ങുന്നതും. സര്ക്കാര് ക്ഷേമപ്രവര്ത്തനങ്ങള് നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഒപ്പം അപവാദ പ്രചാരണങ്ങളെ നിയന്ത്രിക്കുക എന്നതും ലക്ഷ്യമിടുന്നു. ഇനി അഞ്ച് ദിവസം ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങളായിരിക്കും നടത്തുക.
വിമതരും സജീവം
അതേസമയം പാളയത്തിലെ പട തന്നെയാണ് േകാണ്ഗ്രസിന് തിരിച്ചടിയാകുന്നത്. പലയിടത്തും വിമതപ്രവര്ത്തനം സജീവമാണ്. നേതാക്കളെ തോല്പ്പിക്കാന് കാലുവാരലും പാരവയ്പും കോണ്ഗ്രസ് ചരിത്രത്തില് പുത്തരിയല്ല.
ശക്തമായ മത്സരം നടക്കുകയും ഭരണത്തുടര്ച്ചയുണ്ടാകാനുള്ള സാധ്യത ഏറിവരികയും ചെയ്യുന്ന സാഹചര്യത്തില് കാലുവാരല് കൂടി നടന്നാല് വലിയ പതനമായിരിക്കും ഉണ്ടാകുക എന്ന് കെപിസിസി നേതൃത്വം തന്നെ കരുതുന്നു.
ഈ സാഹചര്യത്തിലാണ് ഹൈക്കമാന്ഡിനെ തന്നെ രംഗത്തിറക്കിയുള്ള പൂഴിക്കടകന്. തൊട്ടടുത്ത ദിവസങ്ങളില് രാഹുല് ഗാന്ധിയും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നുണ്ട്.
സ്വന്തം മണ്ഡലമായ വയനാട്ടിലെ കല്പ്പറ്റയില് ടി.സിദ്ദിഖ് ശക്തമായ കാലുവാരല് ഭീഷണിയിലാണെന്ന് നേതാക്കള് തന്നെ സമ്മതിക്കുന്നു.
സർവേകളിൽ വിശ്വസിച്ച് ബിജെപി
അതേസമയം സര്വേകള് നല്കുന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഏഴുസീറ്റുകള് വരെ ലഭിക്കാമെന്നാണ് കഴിഞ്ഞ ദിവസം സ്വകാര്യ ചാനല് നടത്തിയ സര്വേയില് പറയുന്നത്. അതില് തന്നെ മലബാറില് രണ്ട് സീറ്റ് എന്നത് പാര്ട്ടിക്ക് വലിയ ആവേശമാണ് പകരുന്നത്.
നിലവിലെ സാഹചര്യത്തില് സാധ്യതയുള്ള മണ്ഡലങ്ങളില് മുഴുവന് സമയപ്രവര്ത്തനമാണ് പാര്ട്ടി ലക്ഷ്യമിടുന്നത്. മറ്റ് ജില്ലകളില് നിന്നും കൂടുതല് പ്രവര്ത്തകരെ ഇവിടേക്ക് എത്തിക്കും. ഇതിനായുള്ള നിര്ദേശം നല്കികഴിഞ്ഞു. മുന്പില്ലാത്ത വിധം കേന്ദ്രനേതാക്കളും മന്ത്രിമാരും ഇത്തവണ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.