ഇ. അനീഷ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന നേതാക്കളിലൊരാളാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
അതു തദ്ദേശ തെരഞ്ഞെടുപ്പായാലും നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പായാലും അങ്ങനെതന്നെ. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും മറയില്ലാതെ തുറന്നുപറയും എന്നതാണ് കെ. മുരളീധരന്റെ പ്രത്യേകത.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ശക്തികേന്ദ്രത്തിൽ തറപറ്റിച്ച് എംപിയായ കെ.മുരളീധരന് യുഡിഎഫിന്റെ എക്കാലത്തെയും തെരഞ്ഞെടുപ്പ് സ്റ്റാറാണ്.
എപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന മുരളീധരന് പ്രചാരണ രംഗത്തായാലും സ്ഥാനാര്‍ഥിയായാലും കോണ്‍ഗ്രസില്‍ ആളെകൂട്ടാന്‍ കഴിയുന്ന നേതാവാണ്.
രാഷ്ട്രീയ എതിരാളികളും അതു സമ്മതിച്ചു തരും. മുരളീധരൻ പ്രചാരണത്തിനിറങ്ങുന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാകുന്നതു പതിവു കാഴ്ച.
പാര്‍ട്ടിക്കുള്ളിലും പുറത്തും ലീഡറുടെ മകന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്, ഗ്രൂപ്പുകള്‍ക്കതീതമായ സ്വീകാര്യതയും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.മുരളീധരൻ രാഷ്ട്രദീപിക ഇലക്ഷൻ ക്യാപ്സൂളിൽ..
യുഡിഎഫിന്റെ സാധ്യതകൾ ?
തീര്‍ച്ചയായും യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. അതിനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. നിലവില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നേതൃതലത്തിലും പ്രശ്നങ്ങളില്ല.
ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം?
ജില്ലാ പഞ്ചായത്ത്, കോര്പറേഷന് തെരഞ്ഞെടുപ്പുകളില്‍ തീര്‍ച്ചയായും സംസ്ഥാന രാഷ്ട്രീയം തന്നെയായിരിക്കും ചർച്ച. പക്ഷേ, പഞ്ചായത്തുകളിൽ ഇതല്ല സ്ഥിതി.
വ്യക്തികളുടെ സ്വീകാര്യതകൂടി പരിഗണിക്കപ്പെടും. ഇതുകൂടി മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് കെപിസിസി തയാറാക്കിയിട്ടുള്ളത്. ഇതിനായി നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. ഇതു വിജയം കാണുമെന്നാണ് പ്രതീക്ഷ.
പാർട്ടി നിർദേശം പാലിക്കപ്പെടുന്നുണ്ടോ?
കെപിസിസി കൃത്യമായ നിര്‍ദേശം അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍, ചിലേടങ്ങളിൽ ഇതൊക്കെ ലംഘിക്കപ്പെട്ടു. ജില്ലാ നേതൃത്വത്തിനു പരിഹരിക്കാന്‍ കഴിയാത്തവ സംസ്ഥാന തലത്തില്‍ പരിഹരിക്കും.
കോഴിക്കോട് പയ്യോളിയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നു. പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, പ്രചാരണം തുടങ്ങിക്കഴിഞ്ഞാല്‍ അതൊന്നും വിഷയമാകാറില്ല.
പ്രത്യേകം ചുമതലയില്ല
നിലവില്‍ കെപിസിസി പ്രചരണ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം പ്രത്യേകം ചുമതലയൊന്നും ഇല്ല. എംപി എന്ന നിലയിലുള്ള തിരക്കുകളുണ്ട്. നിലവില്‍ വടകര മണ്ഡലം കേന്ദ്രീകരിച്ചു പ്രചാരണം നയിക്കും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കുന്ന പ്രചാരണരംഗം ശക്തമാണ്. ചെറിയ രീതികളിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം പലേടങ്ങളിലുമുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ല. വിജയത്തെ തടസപ്പെടുത്തുന്ന രീതിയിൽ അതൊന്നും വളര്‍ന്നിട്ടില്ല.
സിപിഎം പ്രതിരോധത്തില്‍
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം പ്രതിരോധത്തിലാണ്. ഭരണവിരുദ്ധ വികാരവും ഉണ്ട്. അതു പ്രതിഫലിക്കും. ഇതു സെമിഫൈനലാണ്.
ഇതിലും ഫൈനലിലും മികച്ച വിജയം നേടാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ട്. ആ പ്രതീക്ഷയിലാണ് യുഡിഎഫ്.
ജോസ് പക്ഷത്തിന്റെ വിട്ടുപോകല്‍
എതു രാഷ്ട്രീയ കക്ഷിയും ഒരു മുന്നണിയില്‍നിന്നു വിട്ടുപോവുക എന്നതു ക്ഷീണം തന്നെയാണ്. ആ വിടവ് നികത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തെ അതൊന്നും ബാധിക്കുമെന്നു കരുതുന്നില്ല. കോഴിക്കോടിനെക്കുറിച്ചു പറയുകയാണെങ്കില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.