തിരുവനന്തപുരം: നേമത്ത് മാ-ബി ബന്ധമെന്ന് കോണ്ഗ്രസ് നേതാവും സ്ഥാനാർഥിയുമായ കെ.മുരളീധരൻ. നേമത്ത് സിപിഎം സ്ഥാനാർഥിയായ ശിവൻകുട്ടി അറിയാതെയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ബന്ധം ഉറപ്പിച്ചിരിക്കുന്നതെന്ന് കെ.മുരളീധരൻ ആരോപിച്ചു.
നേമത്ത് മാർക്സ്റ്റിസ്റ്റ് പാർട്ടി ബിജെപിയെ സഹായിക്കുന്നതിന് പ്രത്യുപകരമായി വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെ സഹായിക്കും. ഇതാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള രഹസ്യ ബന്ധമെന്നും മുരളീധരൻ ആരോപിച്ചു.
തിരുവനന്തപുരത്തും മാ. ബി ബന്ധമുണ്ടെ ന്നും മുരളീധരൻ ആരോപിച്ചു. എന്നാൽ കെ.മുരളീധരന്റെ ആരോപണം വി.ശിവൻകുട്ടി തള്ളിക്കളഞ്ഞു. ഇത്തവണ താൻ വിജയിക്കുമെന്നും ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ സിപിഎമ്മിനെ വിജയിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
അതേ സമയം തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി നേമം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
നേമത്ത് മാക്സിസ്റ്റ്-ബിജെപി രഹസ്യബന്ധമെന്ന യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ ആരോപണം തള്ളിയ കുമ്മനം, നേമത്തേത് കോ-മാ സഖ്യം തന്നെയാണെന്നും ആവർത്തിച്ചു.വട്ടിയൂർക്കാവിൽ തനിക്ക് സിപിഎം വോട്ട് കിട്ടിയെന്നത് നേരത്തെ മുരളീധരൻ തന്നെ സമ്മതിച്ചതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.