ജിബിൻ കുര്യൻ
കോട്ടയം: കടനാട് പഞ്ചായത്തിലെ മൂന്നാം വാർഡായ നീലൂർ ടൗണിൽ ഇത്തവണ ത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു കൗതുകമുണ്ട്. ഇവിടെ സുഹൃത്തുക്കളാ യി രണ്ടു ഫോട്ടോഗ്രാഫർമാർ തെരഞ്ഞെ ടുപ്പിൽ മത്സരിക്കുന്നു.
ജനപക്ഷം സ്ഥാനാർഥി മാത്യു തോമസ് (ജോണി) വള്ളോംപുരയിടവും എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ശ്രീജിത്തുമാണ് ജനവിധി തേടുന്ന ഫോട്ടോഗ്രാഫർമാർ. ശ്രീജിത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കാമറയാണ്.
മാത്യു തോമസ് ആപ്പിൾ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. 35 വർഷമായി പ്രഫഷണൽ ഫോട്ടോഗ്രഫി രംഗത്തുള്ളയാളാണ് മാത്യു തോമസ്. ടൗണിൽ നീലൂർ ബാങ്കിനു സമീപം ഹിമ വിഷൻ എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തും സജീവമാണ്.
നീലൂരിൽ തന്നെ ദൃശ്യം എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്നയാളാണ് പുളിക്കപ്പാറയിൽ കണ്ണൻ എന്നു വിളിക്കുന്ന ശ്രീജിത്ത്. ശ്രീജിത്തും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്.
മുന്പ് പഞ്ചായത്തിലെ മറ്റത്തിപ്പാറ വാർഡിൽനിന്നും പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുമുണ്ട്. മത്സരരംഗത്തെ ഫോട്ടോഗ്രാഫർമാർ എന്നതിലുപരി നീലൂർ ടൗണിനോട് ചേർന്നു താമസിക്കുന്ന ഇരുവരും അയൽവാസികളാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
കാമറയും തൂക്കിയാണ് ശ്രീജിത്തിന്റെ പര്യടനമെങ്കിൽ ജോണിയുടെ കൈയിൽ കാമറയ്ക്കൊപ്പം ആപ്പിളുമുണ്ട്. സ്റ്റുഡിയോയിലെ ജോലികളും മുൻ നിശ്ചയപ്രകാരം ലഭിച്ച ജോലികളും ചെയ്തതിനു ശേഷമാണ് ഇരുവരും പ്രചാരണരംഗത്തിറങ്ങുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി സജി കുര്യൻ പുത്തേട്ടും എൽഡിഎഫ് സ്ഥാനാർഥിയായി സെൻ സി. പുതുപ്പറന്പിലും സിജു കല്ലൂർ എന്ന സ്വതന്ത്രനും ഇവർക്കൊപ്പം മത്സരരംഗത്തുണ്ട്. പ്രചാരണ രംഗം അവസാനഘട്ടത്തിലെത്തിയതോടെ നീലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.