കോട്ടയം: സ്ഥാനാർഥികളെ സംബന്ധിച്ചു നിർണായകമാണ് ഇന്നു പകലും രാത്രിയും. ആടിയുലയുന്ന വോട്ടുകളും അടിയൊഴുക്കളും ഇന്നു രാത്രികൊണ്ടു വോട്ടിംഗ് ഡീൽ ഉറപ്പിക്കും. സ്ഥാനാർഥികൾ നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നേരിട്ടെത്തി വോട്ട് നില ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇന്ന്.
പാളയത്തിലെ പടയെ മെരുക്കാനും ആടിനിൽക്കുന്നവരേയും ഉടക്കി നിൽക്കുന്നവരേയും നേരിൽകണ്ട തങ്ങളുടെ വോട്ട് ഉറപ്പിക്കുന്ന ഓട്ടത്തിലാണ് സ്ഥാനാർഥികൾ. വോട്ടിംഗ് ശതമാനം കുറവു പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾ പോലും ഇന്നു രാത്രികൊണ്ടു സാധ്യമാകും.
ഇതിൽ എതിർപാർട്ടിക്കാരും സാമുദായിക സംഘടനകളും പുരോഗമന വാദികളുമൊക്കെയുള്ളതിനാൽ അതീവ ശ്രദ്ധയോടെയായിരിക്കും നീക്കങ്ങളോരോന്നും. ഭാവിയിൽ ഇതിൽ പൊട്ടിത്തെറിയുണ്ടായി വിവരങ്ങൾ പുറത്തറിയുന്പോഴാണ് വോട്ടർമാർ പോലും മൂക്കത്ത് വിരൽവെക്കുന്നത്. അത്ര സംശുദ്ധമായ കൂട്ടുകെട്ടുകളായിരിക്കും.
അതിസുന്ദരവും കുറച്ചു ലാഭകരവുമായ വാഗ്ദാനങ്ങളാണ് ഇടഞ്ഞു നിൽക്കുന്നവരെ ഒപ്പം ചേർക്കുന്നതിനു സ്ഥാനാർഥികളും മുന്നണി നേതാക്കന്മരും മുന്നോട്ടു വെയ്ക്കുന്നത്. പാരിതോഷികമായല്ല, ഒരു സന്തോഷം പേരിലാണ് ഇന്നു ലഭിക്കുന്ന ഓഫറിനെ കാണുന്നത്.
പണമായും സ്ഥാനമാനങ്ങളായും ഇന്നു ഡീലുകൾ ഉറപ്പിക്കും. തെരഞ്ഞെടുപ്പ് ബഹിഷ്കരണമുള്ള പ്രദേശങ്ങളിലും മുന്നണിക്കു സാധ്യത കുറവുള്ള മേഖലകളിലും പ്രാദേശികമായ ജനവികാരത്തെ മാനിച്ചായിരിക്കും വോട്ട് പിടിത്തം നടക്കുന്നത്. പ്രാദേശിക പ്രശ്നങ്ങൾക്കു വാക്കാലും രേഖാമൂലവും പരിഹാരം നൽകി വോട്ട് പിടിത്തം തകൃതിയാകും.
ഇതിനൊപ്പം പണം നൽകിയുള്ള വോട്ടു പിടിത്തവും മദ്യ സൽക്കാരമുൾപ്പടെയുള്ള കലാപരിപാടികളും ഇന്ന് ഇരുട്ടിന്റെ മറവിൽ ഏറെ വിരുന്നുകൾ സൃഷ്ടിക്കും.