തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. എട്ടിന നിർദേശങ്ങളാണ് കമ്മീഷൻ നൽകുന്നത്.
നിർദേശങ്ങൾ:
1. രണ്ട് സമുദായങ്ങൾ തമ്മിലോ ജാതികൾ തമ്മിലോ ഭാഷ വിഭാഗങ്ങൾ തമ്മിലോ നിലനിൽക്കുന്ന സംഘർഷം മൂർച്ഛിക്കുന്നതിടയാക്കുന്ന പ്രവർത്തനങ്ങുണ്ടാകരുത്. മറ്റു പാർട്ടികളെ കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെ കുറിച്ച് മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെ കുറിച്ചോ അവരുടെ പ്രവർത്തകരെ പറ്റി ഉന്നയിക്കരുത്.
2. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ്
3. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന ഒരു സ്ഥാനാർഥിക്കൊപ്പം മൂന്ന് അകന്പടി വാഹനങ്ങൾക്ക് മാത്രമേ ഭരണാധികാരിയുടെ ഓഫീസിൽ 100 മീറ്റർ ചുറ്റളവിൽ പ്രവേശനമുള്ളൂ. പത്രിക സമർപ്പണ വേളയിൽ ഭരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് മാത്രമേ പ്രവേശനമുള്ളൂ.
4. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വേളയിൽ സ്ഥാനാർഥി ക്കൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകൻ എന്നിവർക്ക് പുറമേ മറ്റൊരാൾക്ക് എഴുതി നൽകുകയാണെങ്കിൽ ഭരണാധികാരിയുടെ മുറിയിൽ പ്രവേശിക്കാം.
5. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്രവാഹനം ഉൾപ്പെടെ വാഹനങ്ങളും കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചു ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് പരിധിയിൽവരുന്നതുമാണ്.
പക്ഷേ വരണാധികാരിയുടെ അനുമതി വാങ്ങുകയും വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന് മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. പെർമിറ്റിൽ വാഹനത്തിന്റെ നന്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകണം.
6. ഒരു സ്ഥാനാർഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർഥി പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. ഇത് കുറ്റകരമാണ്.
7. പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള മന്ത്രിമാരും രാഷ്ട്രീയ പ്രവർത്തകരും സ്ഥാനാർഥികളും വാഹനം ഉപയോഗിക്കുന്നത് സംബന്ധിച്ച് സുരക്ഷ അധികാരികളും ഇന്റലിജൻസ് ഏജൻസികളും പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാവുന്നതാണ്.
സുരക്ഷാ അധികാരികൾ നിഷ്കർഷിച്ചിട്ടുണ്ട് എങ്കിൽ മാത്രമേ പകരം വാഹനമായി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളു. ഇപ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഓടിക്കുന്നതിന് ചിലവ് അതത് വ്യക്തികൾ വഹിക്കേണ്ടതാണ്.
പൈലറ്റ് വാഹനവും എസ്കോർട്ട് വാഹനവും ഉൾപ്പെടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികൾ അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ കൂടുതൽ ആവാൻ പാടില്ല. സർക്കാർ വാഹനങ്ങൾ ആയിരുന്നാലും വാഹനങ്ങൾ ആയിരുന്നാലും വാഹനങ്ങളും ഓടിക്കുന്നതിന് ചിലവ് അതത് വ്യക്തികൾ വഹിക്കേണ്ടതാണ്.
8. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെർമിറ്റില്ലാതെ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല . അത്തരം വാഹനങ്ങൾ അനധികൃത പ്രചരണ വാഹനം ആയി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് വാഹനമായി ഉപയോഗിക്കാൻ പാടില്ല.